| Thursday, 20th December 2018, 11:21 am

കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയിക്കേണ്ടിയിരുന്നത് ആണ്‍കുട്ടികളുടെ രക്ഷിതാക്കളെ കൊണ്ട്: ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളര്‍ന്നു മുറ്റിയ ആ ആണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നെന്ന് എഴുത്തുകാരി ശാരദക്കുട്ടി.

തങ്ങളുടെ മക്കള്‍ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേയെന്നും അത്തരം രക്ഷിതാക്കള്‍ക്കെന്താണ് കുറ്റബോധം തോന്നാത്തതെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

ആ പെണ്‍കുഞ്ഞുങ്ങളോട് മാപ്പു പറയാന്‍ ഇവര്‍ മക്കളെ പറഞ്ഞു വിടേണ്ടതായിരുന്നില്ലേ? ഊര്‍ജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നര്‍മ്മഭാഷണം പറഞ്ഞ് ആണ്‍കുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ചുണക്കുട്ടികളായി പെണ്മക്കളെ വളര്‍ത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുകയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.


മഹാസഖ്യത്തോടൊപ്പം; നിലപാട് വ്യക്തമാക്കി ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ; ‘രാഹുല്‍ പ്രധാനമന്ത്രി കസേരയിലിരിക്കും’


ആണ്‍മക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാര്‍ഷ്ട്യവും നിങ്ങളെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുന്‍പ്, പറന്നുയരുവാന്‍ ചിറകുകളാര്‍ജ്ജിച്ചു കഴിഞ്ഞ പെണ്‍കൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ. നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.- ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആറ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പുള്ളാട്ട് ഷംസുദ്ധീന്‍ അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

വാട്‌സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 143, 147, 506, 149 വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

പെണ്‍കുട്ടികള്‍ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയെന്നും പെണ്‍കുട്ടികള്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ആണെന്നും ജനവികാരം ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കള്‍ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നു.

സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തത് തടഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലായിരുന്നു ഇവര്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിന് താഴെ പെണ്‍കുട്ടികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ പെണ്‍കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികളുടെ നേരിട്ടുള്ള പരാതിയിന്‍മേല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നെന്നും വടകര പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയിട്ടില്ല. അവര്‍ രക്ഷിതാക്കള്‍ക്കൊപ്പം വന്ന് പരാതി നല്‍കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്ത പ്രദേശമായ കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍. കല്ല്യാണവീട്ടില്‍വെച്ച് ഇതരമതത്തില്‍പ്പെട്ട യുവാക്കള്‍ക്കൊപ്പം മുസ്‌ലീം പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുക” എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് ലൈവ്.

ഈ വിഡിയോ പ്രചരിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്.

രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായ അക്രമമാണ് നേരിടേണ്ടിവന്നത്. ഒരു നാടിനെ അപമാനിച്ചുവെന്നായിരുന്നു പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തെത്തിയവരുടെ വാദം.

We use cookies to give you the best possible experience. Learn more