| Wednesday, 21st January 2026, 1:50 pm

സിനിമയുടെ കഥക്ക് ആ പ്രായവ്യത്യാസം അനിവാര്യം; ധുരന്ധറിനുണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് സാറാ അര്‍ജുന്‍

ഐറിന്‍ മരിയ ആന്റണി

ആതിദ്യ ധറിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ് നായകനായെത്തി 2025ല്‍ ചരിത്ര വിജയമായി തീര്‍ന്ന ചിത്രമാണ് ധുരന്ധര്‍. സ്‌പൈ ത്രില്ലര്‍ ഴോണറിലെത്തിയ ചിത്രത്തില്‍ സാറാ അര്‍ജുനാണ് രണ്‍വീറിന്റെ നായികയായെത്തിയത്.

സിനിമയില്‍ ഇരുവരും തമ്മിലുള്ള 20 വയസിന്റെ പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് സാറ അര്‍ജുന്‍. ഈ ചര്‍ച്ചകളൊന്നും താന്‍ അറിഞ്ഞില്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര സജീവമല്ലെന്നും സാറ പറഞ്ഞു. എന്‍.ഡി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാറ അര്‍ജുന്‍.

‘എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായമുണ്ട്. ഞാന്‍ അതിനെ മാനിക്കുന്നു.
എന്നാല്‍ ഇത് അവരുടെ അഭിപ്രായം മാത്രമാണ്. ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇതൊന്നും എന്നെ ബാധിക്കില്ല. സിനിമയുടെ കഥ എനിക്കറിയാം ഈ കാസ്റ്റിങ് സിനിമയ്്ക്ക് അനിവാര്യമാണെന്ന് തോന്നി.

ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എനിക്ക് മൊബൈല്‍ ഉണ്ടായിരുന്നില്ല. പഠിച്ച് കഴിഞ്ഞതോടെ തിരക്കിലായിരുന്നു. അതുകൊണ്ട് സോഷ്യല്‍ മീഡിയ അങ്ങനെ ഉപയോഗിക്കാറില്ല. എനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം അതില്‍ കയറുകയും എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അല്ലാത്തപക്ഷം, എന്റെ വിനോദത്തിനായി മറ്റ് കാര്യങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്,’ സാറ അര്‍ജുന്‍ പറയുന്നു.

സിനിമയിലെ ‘ഗെഹ്രാ ഹുവാ’ എന്ന ഗാനം ഹിറ്റായതിന് പിന്നാലെ നായകനായ രണ്‍വീര്‍ സിങ്ങിന് നേരെയും സംവിധായകന്‍ ആദിത്യ ധറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 40 വയസുള്ള രണ്‍വീര്‍ സിങ്ങും 20കാരിയായ സാറാ അര്‍ജുനും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ധുരന്ധറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ രണ്‍വീറും സാറയും തമ്മിലുള്ള റൊമാന്‍സ് ചര്‍ച്ചയായിരുന്നു. ദൈവത്തിരുമകള്‍, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളില്‍ ബാലതാരമായി ശ്രദ്ധ നേടിയ നടിയാണ് സാറാ അര്‍ജുന്‍.

അതേസമയം രണ്‍വീര്‍ പ്രധാനവേഷത്തിലെത്തിയ ധുരന്ധറില്‍ അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേഡി, അക്ഷയ് ഖന്ന തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Sara Arjun talks about the age difference between Ranveer and her in the movie Dhurandhar

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more