| Sunday, 6th July 2025, 5:31 pm

പിള്ളേരൊക്കെ വലുതായി, ആന്‍മരിയയിലെ കൊച്ചുകുട്ടി രണ്‍വീര്‍ സിങ്ങിന്റെ നായികയായതില്‍ ഞെട്ടല്‍ മാറാതെ സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്‍വീര്‍ സിങ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധുരന്ധര്‍. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ധുരന്ധര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. ഒരൊറ്റ ടീസറിലൂടെ വന്‍ ഹൈപ്പ് സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചു.

മലയാളികള്‍ക്കിടയില്‍ ടീസര്‍ ചര്‍ച്ചയായത് മറ്റൊരു കാര്യത്തിലാണ്. ചിത്രത്തില്‍ നായികയായെത്തുന്ന സാറ അര്‍ജുനെ കണ്ട് സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ ഞെട്ടിയിരിക്കുകയാണ്. ആന്‍മരിയ കലിപ്പിലാണ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയ നടിയാണ് സാറ. ബാലതാരമായി സിനിമയിലേക്കെത്തിയ സാറ, വിക്രം നായകനായ ദൈവത്തിരുമകളിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

തമിഴില്‍ സൈവം,സില്ലു കരുപ്പട്ടി, ഹിന്ദിയില്‍ ജസ്ബാ, അജീബ് ദാസ്താന്‍ (ആന്തോളജി) തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട സാറ വീണ്ടും ശ്രദ്ധിക്കപ്പെട്ടത് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലൂടെയാണ്. ഐശ്വര്യ റായ്‌യുടെ ചെറുപ്പമാണ് സാറ പൊന്നിയിന്‍ സെല്‍വനില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഇപ്പോള്‍ രണ്‍വീര്‍ സിങ്ങിന്റെ നായികയായി സാറ വേഷമിടുമ്പോള്‍ പലരും വിശ്വസിക്കാനാകാതെ ഇരിക്കുകയാണ്. 20മാത്തെ വയസില്‍ തന്നെ ബോളിവുഡിലെ മുന്‍നിര താരത്തിന്റെ നായികയായി അരങ്ങേറിയത് സാറയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. താരത്തെ അഭിനന്ദിച്ചുകൊണ്ടും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് ധുരന്ധര്‍. രണ്‍വീറിന് പുറമെ മാധവന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഛാവയിലൂടെ ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച തിരിച്ചുവരവ് നടത്തിയ അക്ഷയ് ഖന്നയുടെ സാന്നിധ്യവും ധുരന്ധറിലുണ്ട്. ഇബോളിവുഡില്‍ നിന്ന് ഈയടുത്ത് വന്ന ഗംഭീര ടീസറാണ് ചിത്രത്തിന്റേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉറി പോലെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 1970 മുതല്‍ ആരംഭിക്കുന്ന കഥയാണ് ധുരന്ധറിന്റേത്. സ്‌പൈ ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറില്‍ തന്നെ വയലന്‍സിന്റെ അതിപ്രസരമാണ്. ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sara Arjun plays the heroine of Ranveer Singh in Dhurandhar Movie and discussed by social media

We use cookies to give you the best possible experience. Learn more