| Wednesday, 28th January 2026, 5:55 pm

ക്രിക്കറ്റ് വിനോദത്തിനുള്ളതാണ്, അല്ലാതെ യുദ്ധത്തിനല്ല; തുറന്നടിച്ച് മുന്‍ പാകിസ്ഥാന്‍ താരം

ശ്രീരാഗ് പാറക്കല്‍

രാഷ്ട്രീയം മനുഷ്യത്വത്തിന് ദോഷരമാണെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സാഖ്‌ലൈന്‍ മുഷ്താഖ്. ക്രിക്കറ്റ് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഭിന്നിപ്പിക്കാനാകരുതെന്നും മുഷ്താഖ് പറഞ്ഞു. മാത്രമല്ല ക്രിക്കറ്റ് വിനോദത്തിനുള്ളതാണെന്നും അല്ലാതെ യുദ്ധത്തിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കളിക്കുന്നില്ലെന്ന ബംഗ്ലാദേശിന്റെ തീരുമാനത്തെക്കുറിച്ച് അഭിപ്രായമില്ലെന്നും താന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും മുന്‍ പാക് താരം പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘രാഷ്ട്രീയം മനുഷ്യത്വത്തിന് ദോഷമാണ്, അതിനാല്‍ രാഷ്ട്രീയം വേണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയം നമ്മുടെ ശത്രുവാണ്, അത് ക്രിക്കറ്റിനെ മാത്രമല്ല, മനുഷ്യരാശിയെയാകെ ബാധിക്കുന്നു. ഇത് കായികരംഗത്തിനും കളിക്കാര്‍ക്കും ഒരു തിരിച്ചടിയാണ്. ക്രിക്കറ്റ് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ ഭിന്നത സൃഷ്ടിക്കരുത്.

ക്രിക്കറ്റ് വിനോദത്തിനുള്ളതാണ്, അല്ലാതെ യുദ്ധത്തിനല്ല. ഇന്ത്യയില്‍ കളിക്കേണ്ടതില്ലെന്ന ബംഗ്ലാദേശിന്റെ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, കാരണം ഞാന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ഞാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്,’ മുഷ്താഖ് എ.എന്‍.ഐയോട് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. എന്നാല്‍ രാഷ്ട്രീയപരമായ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്രിക്കറ്റ് മത്സരങ്ങളിലും കാര്യമായി ബാധിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇരു രാജ്യങ്ങള്‍ തമ്മില്‍ സ്വന്തം മണ്ണില്‍ ഏറ്റുമുട്ടാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇത് പ്രകടമായിരുന്നു.

നിലവില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങളും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്. ബംഗ്ലാ പേസര്‍ മുസ്തഫിസൂര്‍ റഹ്‌മാനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടി-20 ലോകകപ്പില്‍ നിന്ന് മാറി നിന്നിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്നുമുണ്ട്.

Content Highlight: Saqlain Mushtaq Talking About Politics In Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more