ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഹ്വാനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം). കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കണമെന്നും അവരെ പരാജയപ്പെടുത്തണമെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടത്.
ബി.ജെ.പി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ പോരാടാന്‍ തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും അവര്‍ക്ക് തിരിച്ചടി നല്‍കണമെന്നും എസ്.കെ.എം പ്രസ്താവനയില്‍ പറഞ്ഞു
സംസ്ഥാനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്ന കേന്ദ്രത്തിന്റെ ഫെഡറല്‍ വിരുദ്ധ നയങ്ങളെ ചെറുക്കാന്‍ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പ് പദ്ധതിക്ക് (M.G.N.R.E.G.A) പകരം കേന്ദ്രം കൊണ്ടുവന്ന ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍’ (V.B-G R.A.M.G Act) കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള നീക്കമാണെന്ന് സംഘടന കുറ്റപ്പെടുത്തി
തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്കും നേരിടേണ്ടി വരുന്ന തിരിച്ചടികള്‍ കര്‍ഷക-തൊഴിലാളി ഐക്യം ശക്തിപ്പെടുത്തുമെന്നും കോര്‍പ്പറേറ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും എസ്.കെ.എം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ജാര്‍ഖണ്ഡ് നിയമസഭയെയും ഹേമന്ത് സോറന്‍ സര്‍ക്കാരിനെയും സംയുക്ത കിസാന്‍ മോര്‍ച്ച അഭിനന്ദിച്ചു.
കേന്ദ്രത്തിന്റെ പുതിയ തൊഴില്‍ നിയമമായ വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ആക്ടിന് പകരം പഴയ തൊഴിലുറപ്പ് പദ്ധതി തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 18നാണ് സോറന്‍ സര്‍ക്കാര്‍ സഭിയില്‍ പ്രമേയം അവതരിപ്പിച്ചത്.
ഗ്രാമപ്രദേശങ്ങളില്‍ കോര്‍പ്പറേറ്റ് അനുകൂല വികസനം നടപ്പിലാക്കാനുള്ള നീക്കമാണ് പുതിയ നിയമമെന്നും ഇത് പാവപ്പെട്ടവരുടെ വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കുമെന്നും എസ്.കെ.എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരളം, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സമാനമായ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും എന്‍.ഡി.എ ഇതര സംസ്ഥാന സര്‍ക്കാരുകള്‍ ഇതേ മാതൃക പിന്തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുന്നത് വരെ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് രാജ്യവ്യാപകമായ പ്രക്ഷോഭം ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
Content Highlight: Sanyukt Kisan Morcha calls for defeating BJP in assembly elections