| Thursday, 30th July 2020, 8:34 pm

ബോളിവുഡില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട് നെപ്പോട്ടിസം; കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നത് ശരിയല്ല: സാനിയ മല്‍ഹോത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന് വാക്കാണ് ചലച്ചിത്രമേഖലയിലെ സ്വജനപക്ഷപാതം. ഹിന്ദി ചലച്ചിത്രമേഖലയില്‍ സ്വജനപക്ഷപാതം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് കങ്കണ റണൗട്ടിനെപ്പോലുള്ള മുന്‍നിര താരങ്ങളും രംഗത്തെത്തിയിരുന്നു.

ചലച്ചിത്ര മേഖലയില്‍ നിലനില്‍ക്കുന്ന നെപ്പൊട്ടിസത്തെപ്പറ്റി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നടി സാനിയ മല്‍ഹോത്ര. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ദംഗല്‍ എന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിയത്. സിനിമാമേഖലയിലെ ആളുകളുമായി യാതൊരു ബന്ധവും അന്നുണ്ടായിരുന്നില്ല. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ധാരാളം സ്‌ക്രിപ്പ്റ്റുകള്‍ ഇന്ന് എഴുതപ്പെടുന്നുണ്ട്. പഴയതില്‍ നിന്ന് സിനിമ മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ദംഗല്‍. ആ ചിത്രത്തില്‍ അവസരം ലഭിച്ചത് ഓഡിഷനിലൂടെയാണ്.

നെപ്പോട്ടിസം അഥവാ സ്വജനപക്ഷപാതം സിനിമയില്‍ മാത്രമുള്ളതല്ല. സമൂഹത്തിലെ വിവിധ മേഖലകളില്‍ അത് ഇപ്പോഴും നിലനില്‍ക്കുന്നു. നിങ്ങള്‍ ഒരു ബിസിനസ്സുകാരന്റെ കുടുംബത്തില്‍ ജനിക്കുകയും ഭാവിയില്‍ അച്ഛന്റെ ബിസിനസ് നിങ്ങള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയും ഉണ്ടാകും. അതിനാല്‍ സ്വജനപക്ഷപാതവും കുടുംബാഴ്ചയും സിനിമയില്‍ മാത്രമുള്ളതാണെന്ന് പറയാന്‍ കഴിയില്ല’- സാനിയ പറഞ്ഞു.

കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തത് ഒരു തെറ്റായ പ്രവണതയാണ്. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സാനിയ വ്യക്തമാക്കി.

വിദ്യാബാലന്‍ നായികയാകുന്ന ശകുന്തള ദേവിയാണ് സാനിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ശകുന്തള ദേവിയുടെ മകളുടെ വേഷമാണ് സാനിയ അവതരിപ്പിക്കുന്നത്. ഹ്യൂമന്‍ കംപ്യൂട്ടര്‍ എന്ന പേരില്‍ ലോക പ്രശസ്തയായ ശകുന്ത ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനു മേനോനാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more