ദംഗലിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് സാന്യ മല്‍ഹോത്ര. ആദ്യചിത്രത്തിലെ പ്രകടനത്തിലൂടെ സാന്യ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടി. മികച്ച സിനിമകളുടെ മാത്രം ഭാഗമായി ബോളിവുഡില്‍ തന്റേതായ ഇടം നേടാന്‍ താരത്തിന് സാധിച്ചു. സാന്യയുടെ ഏറ്റവും പുതിയ ചിത്രം സണ്ണി സന്‍സ്‌കാരി കി തുള്‍സി കുമാരി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.
ഈ വര്‍ഷം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡില്‍ സാന്യ ഭാഗമായ രണ്ട് സിനിമകള്‍ പുരസ്‌കാരം നേടിയിരുന്നു. താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കഠല്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ജവാനിലെ പ്രകടനത്തിന് ഷാരൂഖ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. താന്‍ ഭാഗമായ രണ്ട് സിനിമകള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പറയുകയാണ് സാന്യ മല്‍ഹോത്ര.
‘ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ എന്റെ പെര്‍ഫോമന്‍സും സിനിമകളും ശ്രദ്ധിക്കപ്പെടുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അതിന് പുരസ്‌കാരങ്ങള്‍ കിട്ടുമ്പോള്‍ സത്യം പറഞ്ഞാല്‍ അഭിമാനം തോന്നും. ജവാന്റെ ഷൂട്ട് നടക്കുന്ന സമയത്ത് തന്നെ ആ സിനിമ എന്തൊക്കെ നേടുമെന്ന് അറ്റ്‌ലീ സാറിന് ഉറപ്പുണ്ടായിരുന്നു. നാഷണല്‍ അവാര്‍ഡിന്റെ കാര്യം വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
‘ഷാരൂഖ് സാറിന് ജവാനിലെ പ്രകടനം കാരണം നാഷണല്‍ അവാര്‍ഡ് ലഭിക്കും’ എന്നായിരുന്നു അറ്റ്‌ലീ സാര്‍ പറയാറുണ്ടായിരുന്നത്. താന്‍ ചെയ്യുന്ന സിനിമ എവിടം വരെ പോകുമെന്ന് അറ്റ്‌ലീ സാറിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ജവാന്‍ വലിയ ഹിറ്റാകുമെന്നും ആ പടത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.
കഠല്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് അത് ശ്രദ്ധിക്കപ്പെടുമെന്ന് അറിയാമായിരുന്നു. അതിന്റെ കഥ അത്രമാത്രം ശക്തമാണ്. അശോക് എന്നോട് അതിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ കൂടുതലൊന്നും ആലോചിക്കാതെ ഓക്കെ പറയുകയായിരുന്നു. അത് ആ കഥയിലുള്ള വിശ്വാസമായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയത് സന്തോഷം തന്ന കാര്യമാണ്,’ സാന്യ മല്‍ഹോത്ര പറയുന്നു.
അറ്റ്‌ലീ സംവിധാനം ചെയ്ത് 2023ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ജവാന്‍. വിക്രം റാത്തോഡ്, ആസാദ് എന്നിങ്ങനെ ഇരട്ടവേഷത്തിലാണ് ഷാരൂഖ് ജവാനില്‍ പ്രത്യക്ഷപ്പെട്ടത്. ബോക്‌സ് ഓഫീസില്‍ 1000 കോടി നേടിയ ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖ് രാജ്യത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് അവാര്‍ഡ് പ്രഖ്യാപനം വഴിവെച്ചിരുന്നു.
Content Highlight: Sanya Malhothra about Shah Rukh Khan’s National Award and Jawan movie