| Sunday, 8th February 2026, 3:58 pm

കിരീടമില്ല, കണ്ണീര്‍ മാത്രം, എട്ടാം കിരീടമണിഞ്ഞ് സര്‍വീസസ്; തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ തോറ്റ് കേരളം

ആദര്‍ശ് എം.കെ.

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ പരാജയപ്പെടുത്തി സര്‍വീസസിന് കിരീടം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ അഭിഷേക് പവാര്‍ നേടിയ ഗോളിന്റെ കരുത്തിലാണ് എട്ടാം കിരീടം തേടിയെത്തിയ കേരളത്തെ തകര്‍ത്ത് സര്‍വീസസ് കിരീമണിഞ്ഞത്.

തുടര്‍ച്ചയായ രണ്ടാം സന്തോഷ് ട്രോഫി ഫൈനലിലാണ് കേരളം പരാജയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ബംഗാളിനോടായിരുന്നു കിരീടപ്പോരാട്ടത്തില്‍ കേരളത്തിന്റെ തോല്‍വി.

ധാക്കുവാഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഫൈനല്‍ അരങ്ങേറിയത്. ആക്രമണം തന്നെയായിരുന്നു കേരളത്തിന്റെയും സര്‍വീസസിന്റെയും മുഖമുദ്ര. ആദ്യ 15 മിനിട്ടിനകം തന്നെ ഇരു ടീമുകളും അറ്റാക്കിങ് ഫുട്‌ബോളുമായി കളം നിറഞ്ഞുകളിച്ചു.

മികച്ച മുന്നേറ്റങ്ങളോടെ സര്‍വീസസ് കേരള ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും തന്നെ വലയിലെത്തിക്കാന്‍ സര്‍വീസസിന് സാധിച്ചില്ല.

കേരളവും ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. 27ാം മിനിട്ടില്‍ അര്‍ജുന്‍ വി-യുടെ ലോങ് റേഞ്ചര്‍ ഗോള്‍ പോസ്റ്റിലിടിച്ച് പുറത്ത് പോയി. ലഭിച്ച അവസരങ്ങള്‍ ഇരുവര്‍ക്കും മുതലാക്കാന്‍ സാധിക്കാതെ പോയതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് തുടക്കത്തില്‍ തന്നെ കേരള ഗോള്‍മുഖം ആക്രമണ ഭീഷണിയിലായി. 48ാം മിനിട്ടില്‍ ഗോളെന്നുറച്ച സര്‍വീസസ് മുന്നേറ്റം വലയിലെത്താതെ പോയി. ഇടതു വിങ്ങില്‍നിന്ന് അഭിഷേക് പവാറിന്റെ ക്രോസ് സര്‍വീസസ് താരങ്ങള്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയതോടെയാണ് ഗോള്‍ അകന്നുനിന്നത്.

തുടര്‍ന്നും ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും നിശ്ചിത സമയത്തും ആഡ് ഓണ്‍ ടൈമിലും വലകുലുക്കാനാകാതെ വന്നതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും ഇരുവരും ഗോളടിച്ചില്ല. മത്സരത്തിന്റെ 109ാം മിനിട്ടില്‍ അഭിഷേക് പവാറിലൂടെ മുമ്പിലെത്തിയ സര്‍വീസസ് അവസാന വിസില്‍ വരെ ലീഡ് കാത്തുസൂക്ഷിച്ചതോടെ കേരളത്തിന്റെ കിരീടമോഹങ്ങള്‍ അവസാനിച്ചു.

Content Highlight: Santosh Trophy: Services defeated Kerala

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more