| Thursday, 9th October 2025, 12:46 pm

അടുത്ത വാലന്‍ന്റൈന്‍സ് ഡേയ്ക്ക് മായാനദി റീ റിലീസ് ഉണ്ടാകും: സന്തോഷ് ടി.കുരുവിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത വര്‍ഷം വാലന്റൈന്‍ ദിനത്തില്‍ മായാനദിയുടെ റീ റിലീസ് ഉണ്ടാകുമെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ വലിയ പൈസ ചിലവൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഒരുക്കി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാനദി.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മായാനദിയുടെ റീ റിലീസിനെ കുറിച്ച് നിര്‍മാതാവ് തുറന്ന് പറഞ്ഞത്. മായാനദി തിയേറ്ററില്‍ അത്ര വലിയ ഹിറ്റൊന്നും ആയിരുന്നില്ലെന്നും എങ്കിലും സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നുവെന്നും സന്തോഷ് ടി.വി കുരുവിള പറഞ്ഞു. സാമ്പത്തികമായി അത്ര വലിയ വിജയം സ്വന്തമാക്കിയ ചിത്രമല്ല മായാനദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

‘മായാനദിക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് അതിന്റെ സംവിധായകനും എഴുത്തുകാരനും മാത്രമെ അറിയുകയുള്ളു. സിനിമ എന്റേതാണ്. റീബല്‍ സിനിമാസിന്റേതാണ്. ശ്യാം പുഷ്‌രക്കനും ആഷിഖ് അബുവും വിചാരിച്ചാല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമായിരിക്കും,’ സന്തോഷ് ടി.കുരുവിള പറഞ്ഞു. ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ജയേഷ് മോഹന്‍ ക്യാമറ നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് റെക്‌സ് വിജയനാണ്.

ആര്‍ക്കറിയാം എന്ന ചിത്രവും റീ റിലീസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ സിനിമ തിയേറ്ററില്‍ വന്ന് മൂന്നാം ദിവസം കൊവിഡ് കാരണം തിയേറ്റര്‍ അടച്ചുപോയിരുന്നുവെന്നും അതുകൊണ്ട് തിയേറ്ററില്‍ സിനിമ പ്രതീക്ഷിച്ചത്ര ഓടിയില്ലെന്നും സന്തോഷ് ടി.കുരുവിള കൂട്ടിച്ചേര്‍ത്തു.

Content highlight:: Santosh T. Kuruvila says  Mayanadhi will be re-released next Valentine’s Day

We use cookies to give you the best possible experience. Learn more