| Saturday, 15th November 2025, 7:51 am

അലിനഗര്‍ 'സീത നഗറാ'ക്കുമെന്ന് പ്രഖ്യാപിച്ച മൈഥിലി ഠാക്കൂറിനെ പ്രശംസിച്ച് സന്തോഷ് പണ്ഡിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ അലി നഗര്‍ ‘സീത നഗറാ’ക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി എം.എല്‍.എ മൈഥിലി ഠാക്കൂറിനെ പ്രശംസിച്ച് സിനിമാ സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്.

ഉയിർത്തെഴുന്നേല്‍ക്കുന്ന ബീഹാറി ജനതയുടെ ഉജ്വല പ്രതീകമായി അലിനഗറിനെ ഭംഗിയായി മൈഥിലിയ്ക്ക് നയിക്കാന്‍ കഴിയട്ടെയെന്ന് സന്തോഷ് പണ്ഡിറ്റ് ആശംസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ആശംസ അറിയിച്ചത്.

മൈഥിലിയുടെ വിജയത്തോടെ ഒരിക്കല്‍ വേദനയോടുകൂടി നാട് ഉപേക്ഷിച്ചുപോയ 25കാരിയുടെ മാതാപിതാക്കള്‍ ബീഹാറിലേക്ക് തിരിച്ചെത്തിയെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായിട്ടാണ് മൈഥിലി ഠാക്കൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ബോളിവുഡ് സിനിമകളില്‍ പിന്നണി ഗാനങ്ങള്‍ പാടാനുള്ള അവസരങ്ങള്‍ നിരസിച്ചുകൊണ്ട് ഭാരതീയ സംസ്‌കാരത്തില്‍ ഉറച്ചുനില്‍ക്കുന്ന സംഗീതത്തിന്റെ പ്രചാരകയാണ് മൈഥിലിയെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. പണമല്ല, സംസ്‌കാരമാണ് തനിക്ക് പ്രധാനമെന്ന് അവര്‍ ഉറക്കെ പറഞ്ഞിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

2024 മാര്‍ച്ച് എട്ടിന് ആദ്യത്തെ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് പരിപാടിയില്‍ മൈഥിലി ഠാക്കൂറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കള്‍ച്ചറല്‍ അംബാസഡര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് നല്‍കി ആദരിച്ചതും സന്തോഷ് പണ്ഡിറ്റ് കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു. സംഗീത മേഖലയില്‍ മൈഥിലി കൈവരിച്ച നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടാണ് സന്തോഷിന്റെ പോസ്റ്റ്.

അതേസമയം ആദ്യഘട്ടം മുതല്‍ക്കേ ബി.ജെ.പി ഉറപ്പിച്ചിരുന്ന സീറ്റാണ് മൈഥിലിയുടേത്. ചരിത്രത്തില്‍ ഇതാദ്യമായാണ് നിന്ന് അലിനഗറില്‍  നിന്ന് ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടുന്നത്. ബീഹാര്‍ ജനതയെ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് പ്രചരണ റാലികളില്‍ ഉടനീളം മൈഥിലി പറഞ്ഞിരുന്നത്.

ഇതിനിടെ അലിനഗര്‍ സീത നഗറാക്കുമെന്ന വാഗ്ദാനം വലിയ വിവാദമാകുകയും ചെയ്തു. കൂടാതെ ‘പാഗ്’ എന്ന തലപ്പാവില്‍ വെച്ച് മഖാന കഴിക്കുന്ന വീഡിയോയും വിവാദമായിരുന്നു. സംഭവത്തില്‍ മൈഥിലി ഠാക്കൂര്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Content Highlight: Santosh Pandit praises Maithili Thakur for announcing that Alinagar will be made ‘Sita Nagar’

We use cookies to give you the best possible experience. Learn more