| Wednesday, 17th September 2025, 10:54 pm

മൂത്തോനാകാമെന്ന് മമ്മൂക്ക ഇങ്ങോട്ട് പറഞ്ഞു, അദ്ദേഹത്തെ കാണിക്കണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു: ശാന്തി ബാലചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

250 കോടി കളക്ഷനും കടന്ന് ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കാന്‍ പോവുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഓണം റിലീസായെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് 20ാം ദിനത്തിലും കേരളത്തില്‍ നിന്ന് മാത്രം രണ്ട് കോടിക്കുമുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്.

കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ അതിഥിവേഷത്തിലെത്തിയിരുന്നു. ചാത്തനായി ടൊവിനോയും ഒടിയനായി ദുല്‍ഖറുമായിരുന്നു പ്രത്യക്ഷപ്പെട്ടത്. മലയാളികള്‍ കേട്ടുവളര്‍ന്ന മിത്തിനെ ആധുനിക ലോകത്തേക്ക് ബ്ലെന്‍ഡ് ചെയ്ത് അവതരിപ്പിച്ച സംവിധായകന്റെ വിഷനെ പലരും പുകഴ്ത്തുകയാണ്.

മുഖം കാണിക്കുന്നില്ലെങ്കിലും സിനിമയില്‍ പലപ്പോഴായി പറഞ്ഞുപോകുന്ന കഥാപാത്രമായിരുന്നു മൂത്തോന്‍. എല്ലാവരെയും നിയന്ത്രിക്കുന്ന ശക്തനായ മൂത്തോന് ആകെ ഒരു ഡയലോഗ് മാത്രമേ ലോകഃയില്‍ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയാണ് മൂത്തോന് ശബ്ദം നല്‍കിയത്. ലോകഃയുടെ വരും ഭാഗങ്ങളില്‍ മൂത്തോനുമുണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ചാപ്റ്റര്‍ വണ്ണില്‍ മമ്മൂട്ടി ഭാഗമായതിനെക്കുറിച്ച് സംസാരിക്കുകയാണ് സഹ തിരക്കഥകൃത്തും ലോകഃയുടെ ഡ്രാമറ്റര്‍ജി കൈകാര്യം ചെയ്യുകയും ചെയ്ത ശാന്തി ബാലചന്ദ്രന്‍.

‘മൂത്തോന്‍ എന്ന കഥാപാത്രം ആദ്യമേ ഉണ്ടായിരുന്നു. പക്ഷേ, ഈ സിനിമയില്‍ ആ കഥാപാത്രത്തെ എത്രത്തോളം കാണിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. ആ ഏരിയയിലേക്ക് നമ്മള്‍ അധികം പോകുന്നില്ല. അപ്പോള്‍ ഇത്രയും ചെറിയൊരു വേഷത്തിലേക്ക് അത്രയും ലെജന്‍ഡറിയായിട്ടുള്ള ഒരു ആക്ടറെ കൊണ്ടുവരണോ എന്ന് ചിന്തിച്ചു.

ഈ സിനിമ ഉണ്ടാക്കിവരുമ്പോഴാണ് ഞങ്ങളുടെ മേക്കിങ് കണ്ട് മമ്മൂക്ക ഇംപ്രസായെന്ന് തിരിച്ചറിഞ്ഞത്. ഞങ്ങളെ എങ്ങനെയെങ്കിലും സപ്പോര്‍ട്ട് ചെയ്യണമെന്ന് മമ്മൂക്കക്ക് ആഗ്രഹം വന്നു. സിനിമയില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തിന് ഒരൊറ്റ ഡയലോഗേയുള്ളു. അത് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അറിയാം, അത് മമ്മൂക്കയുടേതാണെന്ന്.

അതൊരു എലവേഷന്‍ മൊമന്റാണ്. അത് ചെയ്യാമെന്ന് മമ്മൂക്ക സമ്മതിച്ചത് വളരെ നല്ലൊരു കാര്യമായിരുന്നു. ‘ഞാന്‍ ചെയ്യാം’ എന്നൊരു കാര്യം അദ്ദേഹം ഓഫര്‍ ചെയ്യുകയായിരുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ച് അത് സങ്കല്പിക്കാവുന്നതിലുമപ്പുറമായിരുന്നു ആ ഒരു സപ്പോര്‍ട്ട്,’ ശാന്തി ബാലചന്ദ്രന്‍ പറഞ്ഞു.

Content Highlight: Santhy Balachandran about Mammootty’s voice in Lokah movie

We use cookies to give you the best possible experience. Learn more