പ്രശസ്ത സംഗീതസംവിധായകനും ഗാനരചയിതാവുമാണ് സന്തോഷ് വർമ. സംഗീത സംവിധായകൻ ബിജിബാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സന്തോഷ്. സിനിമയിൽ വരുന്നതിനും മുമ്പ് തുടങ്ങിയ സൗഹൃദമാണ് അവരുടെ.
റെക്കോഡിങ് സ്റ്റുഡിയോ ഉണ്ടായിരുന്ന ബിജിബാലിന്റെ സ്റ്റുഡിയോയിലേക്ക് സംഗീത അധ്യാപകനായി ജോലി ചെയ്തിരുന്ന സന്തോഷ് പോകാറുണ്ടായിരുന്നു, അവിടെ വെച്ചാണ് ആ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പിന്നീട് ആ ബന്ധം സിനിമയിലും എത്തി. സിനിമയിലേക്ക് ആദ്യമെത്തിയ സന്തോഷിന് ശേഷം ബിജിബാലും സിനിമയിലേക്ക് എത്തി. ഇപ്പോൾ ബിജിബാലിനെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് വർമ.
തങ്ങളൊരുമിച്ച് പ്രവർത്തിച്ച ആദ്യ സിനിമ പുറത്തിറങ്ങിയില്ലെന്നും റിലീസ് ആയ ആദ്യ സിനിമ ഡാഡി കൂൾ ആണെന്നും സന്തോഷ് പറയുന്നു. തന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയിരുന്നു ബെസ്റ്റ് ആക്ടർ സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിലേക്ക് ആദ്യം എത്തുന്നത് ഞാനായിരുന്നു, പിന്നീട് ബിജി സിനിമയിലെത്തി. എന്നാൽ കുറച്ചുകാലത്തിന് ശേഷമാണ് ഞങ്ങളൊരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. ആ സിനിമ പുറത്തിറങ്ങിയില്ല. റിലീസായ ആദ്യ സിനിമ ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ ആണ്. ‘ഡാഡി മൈ ഡാഡി മൈ സൂപ്പർ സൂപ്പർ ഡാഡി’ എന്ന പാട്ടും ‘സാംബ സൽസ’ എന്ന പാട്ടുമായിരുന്നു ആ സിനിമയിലേത്. പിന്നീട് ബിജിയുമായി ഒരുപാട് സിനിമകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചു.
എന്റെ എഴുത്ത് ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു മാർട്ടിൻ പ്രക്കാട്ട് ആദ്യമായി സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലെ ‘സ്വപ്നമൊരു ചാക്ക്’ എന്ന പാട്ട്. അതിന്റെ സംഗീത സംവിധാനവും ബിജിയായിരുന്നു. അതിനുമുൻപ് പല പാട്ടുകളും ശ്രദ്ധിക്കപ്പെട്ടെങ്കിലും സ്വപ്നമൊരു ചാക്ക് എനിക്ക് കൂടുതൽ അവസരങ്ങൾ നേടിത്തന്നു,’ സന്തോഷ് വർമ പറയുന്നു.
Content Highlight: Santhosh Varma Talking about Bijibal