മായാനദിയിലും മഹേഷിന്റെ പ്രതികാരത്തിലും നായികയാകേണ്ടിയിരുന്നത് മറ്റ് രണ്ട് നടിമാരായിരുന്നെന്ന് നിർമാതാവ് സന്തോഷ് ടി. കുരുവിള പറയുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് ഐശ്വര്യ ലക്ഷ്മിയിലേക്കും അപർണ ബാലമുരളിയിലേക്കും എത്തുകയായിരുന്നെന്നും കുരുവിള പറഞ്ഞു.
‘മായാനദിയിൽ അഭിനയിക്കേണ്ടത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു. സിനിമയിൽ അഭിനയിക്കാനിരുന്നതും നമ്മൾ കാസ്റ്റ് ചെയ്തതും ആലപ്പുഴക്കാരി ഒരു പുതുമുഖ നടിയെ ആയിരുന്നു. സിനിമയുടെ ഡ്രസ് കൊടുത്തപ്പോൾ സ്ലീവ്‌ലെസ് ഇടാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ആ ചിത്രത്തിലെ കഥാപാത്രം പലപ്പോഴും സ്ലീവ്‌ലെസ് ആയിരുന്നു ഇട്ടിരുന്നത്. അത്തരം വേഷങ്ങൾ ഇടാൻ പറ്റില്ലെന്ന് അടക്കമുള്ള പല കാര്യങ്ങളും ഉള്ളതുകൊണ്ട് നമ്മൾ ആ ചിത്രത്തിൽ നിന്നും ആ കുട്ടിയെ മാറ്റി ഐശ്വര്യ ലക്ഷ്മിയെ കാസ്റ്റ് ചെയ്തു.
മഹേഷിന്റെ പ്രതികാരത്തിലും അങ്ങനെയായിരുന്നു. അപർണ ബാലമുരളിയെ അല്ലായിരുന്നു ചിത്രത്തിൽ കാസ്റ്റ് ചെയ്തിരുന്നത്. ഞാൻ അഡ്വാൻസ് ചെക്ക് കൊടുത്തത് സായ് പല്ലവിക്കായിരുന്നു,’ സന്തോഷ് ടി. കുരുവിള പറയുന്നു.
അൻവർ റഷീദാണ് തന്നോട് സായ് പല്ലവിയെക്കുറിച്ച് പറഞ്ഞതെന്നും എറണാകുളത്ത് വെച്ചിട്ടാണ് താനും ആഷിക്കും കൂടെ സായ് പല്ലവിക്ക് അഡ്വാൻസ് കൊടുത്തതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.
എന്നാൽ സായ് പല്ലവിക്ക് അന്ന് ജോർജിയയിൽ പരീക്ഷക്ക് പോകേണ്ടി വന്നതുകൊണ്ട് നടിക്ക് അഭിനയിക്കാൻ പറ്റാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നീട്ടിവെക്കാൻ കഴിയാത്തതുകൊണ്ട് നമ്മൾ മറ്റൊരു നടിയെ വെച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അങ്ങനെ കൊണ്ടുവന്ന നടിയാണ് അപർണ ബാലമുരളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നവർ നാഷണൽ അവാർഡ് വരെ നേടിക്കഴിഞ്ഞെന്നും കുരുവിള കൂട്ടിച്ചേർത്തു. സില്ലിമോങ്ക്‌സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Santhosh T Kuruvila talking about Mayanadhi and Maheshinte Prathikaram