| Thursday, 25th September 2025, 11:55 am

പ്രിവ്യൂ കഴിഞ്ഞപ്പോള്‍ പടം കൈയീന്ന് പോയെന്ന് സുചി ചേച്ചിക്ക് മനസിലായി, ലാലേട്ടന്‍ ചിരിച്ചുകൊണ്ടിരുന്നു: സന്തോഷ് ടി. കുരുവിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടാ തടിയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായി സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായി മാറിയ വ്യക്തിയാണ് സന്തോഷ് ടി. കുരുവിള. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ സന്തോഷ് നിര്‍മിച്ചവയാണ്. ഷെയ്ന്‍ നിഗം നായകനാകുന്ന ബള്‍ട്ടിയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.

കരിയറില്‍ പല സിനിമകളിലും നിര്‍മാതാവായും സഹനിര്‍മാതാവായും പ്രവര്‍ത്തിച്ച സന്തോഷ് കുരുവിള തന്റെ ചലച്ചിത്രാനുഭവങ്ങള്‍ വിവരിക്കുകയാണ്. ചില സിനിമകള്‍ പ്രതീക്ഷിക്കാതെ വിജയിച്ചെന്നും വലിയ പ്രതീക്ഷ വെച്ച ചിലത് പരാജയമായെന്നും അദ്ദേഹം പറഞ്ഞു. റിലീസിന് മുമ്പ് തന്നെ ചില സിനിമകള്‍ പരാജയമാകുമെന്ന് തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു.

ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രം റിലീസിന് തലേദിവസമാണ് താന്‍ കണ്ടതെന്നും അത് തിയേറ്ററില്‍ വര്‍ക്കാകില്ലെന്ന് അപ്പോള്‍ തന്നെ മനസിലായെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആരോടും ആ സമയത്ത് അക്കാര്യം പറഞ്ഞില്ലെന്നും കൊച്ചിയിലെത്തി ആന്റണി പെരുമ്പാവൂരിനെ കണ്ടെന്നും സന്തോഷ് കുരുവിള പറഞ്ഞു. പടം വര്‍ക്കാകില്ലെന്ന് താന്‍ ആദ്യം ആന്റണിയോടായിരുന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അതുപോലെ നീരാളിയും തിയേറ്ററില്‍ വര്‍ക്കാകില്ലെന്ന് റിലീസിന് മുമ്പ് മനസിലായതായിരുന്നു. മുംബൈയിലായിരുന്നു ആ പടത്തിന്റെ പ്രിവ്യൂ. ലാലേട്ടനും സുചി ചേച്ചിയുമൊക്കെ പടം കാണാന്‍ ഉണ്ടായിരുന്നു. പ്രിവ്യൂ കഴിഞ്ഞപ്പോള്‍ തന്നെ ഇത് ഓടില്ലെന്ന് സുചി ചേച്ചിക്ക് മനസിലായി. അവരുടെ മുഖത്ത് നിന്ന് അക്കാര്യം വായിച്ചെടുക്കാന്‍ പറ്റി. ലാലേട്ടന്‍ സ്ഥിരം ചിരിയും ചിരിച്ചുകൊണ്ട് ഇരുന്നു.

ഒരു സിനിമയും പരാജയമാകാന്‍ വേണ്ടിയല്ല ചെയ്യുന്നത്. കഥയില്‍ കേട്ട പുതുമ കൊണ്ടാണ് നിര്‍മിക്കാമെന്ന് തീരുമാനിക്കുന്നത്. പക്ഷേ, പടം എടുത്തു വന്നപ്പോള്‍ എവിടെയോ വീഴ്ച പറ്റുന്നതുകൊണ്ടാണ് പ്രേക്ഷകര്‍ സ്വീകരിക്കാതിരിക്കുന്നത്. അതില്‍ ആരെയും കുറ്റം പറയാനാകില്ല. ചില സിനിമകളൊക്ക പ്രതീക്ഷിക്കാതെ ഹിറ്റാകാറുമുണ്ട്,’ സന്തോഷ് കുരുവിള പറയുന്നു.

കഥ കേട്ട് വേണ്ടെന്ന് വെച്ച ചില സിനിമകളുണ്ടെന്നും അത് പിന്നീട് ഹിറ്റായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകഃയുടെ കഥ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും കൊവിഡിന് മുമ്പായിരുന്നു അതെന്നും സന്തോഷ് കുരുവിള പറഞ്ഞു. ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല അന്നത്തെ കഥയെന്നും അതിനാലാണ് താന്‍ ഒഴിവാക്കിയതെന്നും അദ്ദേഹം പറയുന്നു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ സഹനിര്‍മാതാവാകുമോ എന്ന് സൗബിന്‍ ചോദിച്ചെന്നും താന്‍ ഒഴിവായെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു.

Content Highlight: Santhosh T Kuruvila saying he knew that Gangster and Neerali won’t work before the release

We use cookies to give you the best possible experience. Learn more