| Tuesday, 10th March 2026, 6:31 pm

10 കോടിയോളം കളക്ഷന്‍ ലഭിച്ചിട്ടും ബള്‍ട്ടി പരാജയമായി, അതിന് കാരണമായത് മറ്റൊരു ചിത്രം: സന്തോഷ് ടി. കുരുവിള

അമര്‍നാഥ് എം.

ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് സന്തോഷ് ടി. കുരുവിള. ടാ തടിയായുടെ നിര്‍മാണ പങ്കാളിയായിക്കൊണ്ടാണ് സന്തോഷ് കുരുവിള ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്നത്. മായാനദി, മരക്കാര്‍, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സിനിമകളുടെ നിര്‍മാണത്തില്‍ സന്തോഷ് ടി. കുരുവിളയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ഷെയ്ന്‍ നിഗം നായകനായി കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ബള്‍ട്ടിയുടെ നിര്‍മാതാവും സന്തോഷ് കുരുവിളയായിരുന്നു. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത കളക്ഷനായിരുന്നു നേടിയത്. എന്നാല്‍ റിലീസ് ചെയ്ത് ആറ് മാസമായിട്ടും ചിത്രം ഇതുവരെ ഒ.ടി.ടിയിലെത്തിയിട്ടില്ല.

ചിത്രത്തിന് പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടാനായില്ലെന്ന് പറയുകയാണ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. 21 കോടിയോളമായിരുന്നു ചിത്രത്തിന്റെ കളക്ഷനെന്നും എന്നാല്‍ അതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അധികമായതിനാലാണ് പരാജയമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള.

ബള്‍ട്ടിക്ക് അര്‍ഹിച്ച കളക്ഷന്‍ കിട്ടിയിട്ടില്ല. ആ സിനിമ വിജയിച്ചെന്നും പരാജയപ്പെട്ടെന്നും പറയാം. ഉദ്ദേശിച്ച കളക്ഷന്‍ ആ സിനിമക്ക് കിട്ടിയില്ല. അതിന് കാരണം ആ പടത്തിന്റെ സംവിധായകനോ നായകനായ ഷെയ്‌നോ അല്ല. അവരെല്ലാവരും കഴിവിന്റെ പരമാവധി എഫര്‍ട്ട് ഇട്ടിട്ടുണ്ട്. പടം റിലീസായി ആദ്യത്തെ ഒരാഴ്ച ഗംഭീര കളക്ഷനായിരുന്നു ആ സിനിമക്ക് കിട്ടിയത്.

ആന്റണി പെരുമ്പാവൂര്‍ എന്നെ വിളിച്ചിട്ട് ‘ചേട്ടാ, ബള്‍ട്ടി ഗംഭീര സിനിമയാണെന്ന് തിയേറ്ററില്‍ നിന്ന് കണ്ടവരൊക്കെ പറയുകയാണല്ലോ’ എന്ന് പറഞ്ഞു. എന്നിട്ടും അര്‍ഹിച്ച വിജയം കിട്ടാത്തത് വേറൊരു കാരണം കൊണ്ടാണ്. ബള്‍ട്ടി റിലീസ് ചെയ്ത് രണ്ടാമത്തെയാഴ്ച കാന്താര ഇറങ്ങി. അത് പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ ഹിറ്റായി. എല്ലായിടത്തും ആ പടമായിരുന്നു. നാല് സ്‌ക്രീനുള്ള തിയേറ്ററില്‍ ചെന്നാല്‍ അതില്‍ മൂന്നിലും കാന്താരയായിരുന്നു.

എല്ലായിടത്തും അതിന്റെ പോസ്റ്ററൊക്കെ ഉള്ളതുകൊണ്ട് ആളുകളുടെ ശ്രദ്ധ അതിലേക്ക് പോയി. അതോടെ ബള്‍ട്ടിയുടെ കളക്ഷന്‍ 40 ശതമാനത്തോളം താഴ്ന്നു. കാന്താര റിലീസ് ചെയ്ത് രണ്ടാഴ്ചയായപ്പോള്‍ ദീപാവലി റിലീസായി വേറെയും സിനിമകള്‍ വന്നു. അത് മാത്രമല്ല, ആ സിനിമ പറഞ്ഞ ബജറ്റിനെക്കാള്‍ 30 ശതമാനം അധികം ചെലവാക്കേണ്ടി വന്നു,’ സന്തോഷ് ടി. കുരുവിള പറയുന്നു.

14 കോടിക്ക് തീര്‍ക്കേണ്ട സിനിമക്ക് 21 കോടിയോളം ചെലവായെന്നും അത് കവര്‍ ചെയ്യുന്നതിനിടയില്‍ കാന്താര റിലീസായത് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ബള്‍ട്ടിയുടേത്. ഷെയ്‌നിന് പുറമെ കലൈയരസന്‍, പ്രീതി അസ്രാണി, പൂര്‍ണിമ ഇന്ദ്രജിത്, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

Content Highlight: Santhosh T Kuruvila explains why Balti become failure in Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more