| Friday, 3rd October 2025, 4:03 pm

ആരാണ് ഷെയ്‌നെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത്? പോസ്റ്റർ നശിപ്പിക്കുന്നുവെന്ന് ബൾട്ടിയുടെ നിർമാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രമാണ് ബൾട്ടി. ഷെയ്ൻ നിഗം നായകനായി എത്തിയ ചിത്രം നിർമിച്ചത് സന്തോഷ് ടി. കുരുവിളയാണ്.

എന്നാലിപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ ആസൂത്രിതമായി നശിപ്പിക്കുന്നുവെന്ന് സന്തോഷ് ടി.കുരുവിള ആരോപിക്കുന്നു. ബൾട്ടിക്ക് നല്ല അഭിപ്രായം കിട്ടുമ്പോൾ ആരാണ് അസ്വസ്ഥരാകുന്നതെന്നും ഷെയ്ൻ നിഗത്തിനെ ആരാണ് അപ്രസക്തനാക്കാൻ ശ്രമിക്കുന്നതെന്നും നിർമാതാവ് ആരോപിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് ഇക്കാര്യം ആരോപിച്ചത്. പോസ്റ്റർ വലിച്ച് കീറിയിരിക്കുന്ന ചിത്രവും ഒപ്പമിട്ടിട്ടുണ്ട്.

ഇത് കടുത്ത അസഹിഷ്ണുതയാണെന്നും എന്തിനാണ് ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന് നടന്റെ പോസ്റ്ററുകൾ വലിച്ച് കീറിയിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന മലയാള സിനിമയുടെ മുകളിലേക്ക് എന്തിനാണ് മറ്റൊരു ചിത്രത്തിന്റെ പോസ്റ്ററുകൾ അറിഞ്ഞുകൊണ്ട് ഒട്ടിക്കുന്നത്? ഈ പ്രവർത്തി ഹീനമായ ഒന്നാണ്. ഷെയ്ൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മെറ്റീരിയൽ വലിച്ച് കീറണമെന്നും ഒട്ടിച്ച് മറയ്ക്കണമെന്നതും ആരുടെ താത്പര്യമാണ്? ഷെയ്ൻ നിഗത്തിന്റെ കരിയറിലെ മികച്ച ചിത്രമാണ് ബൾട്ടി. പ്രേക്ഷകർ നല്ല അഭിപ്രായം ഉറക്കെ പറയുമ്പോൾ ആരാണ് ആസ്വസ്ഥരാകുന്നത്? മുൻ നിരയിലേക്ക് എത്തുന്ന നടനെ ആരാണ് അപ്രസക്തനാക്കാൻ ശ്രമിക്കുന്നതെന്നും സന്തോഷ്. ടി. കുരുവിള ചോദിക്കുന്നു.

താൻ കൊടുത്തിരിക്കുന്ന ഫോട്ടോകൾ ഏതാനും ചിലത് മാത്രമാണെന്നും ഇത്തരം പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസമായെന്നും അദ്ദേഹം ആരോപിച്ചു.

താൻ തന്നെ നിർമിച്ച മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊപ്പം കെട്ടിയോളാണെന്റെ മാലാഖ, അതിനും മുമ്പ് മഹേഷിന്റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു, മായാ നദിക്കൊപ്പം ആട് 2 അവസാനം നിർമിച്ച ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനൊപ്പം തല്ലുമാല അപ്പോഴൊന്നും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ വ്യക്തമാകുന്നുണ്ടല്ലോയെന്നും സന്തോഷ് ടി. കുരുവിള ചോദിച്ചു.

എന്തിനാണ് ഷെയ്ൻ നിഗം എന്ന നടനെ ടാർഗറ്റ് ചെയ്യുന്നതെന്നും താൻ സിനിമാപ്രേമികളോട് പിന്തുണ തേടുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Content Highlight: Santhosh T Kuruvila accuses Balti’s poster destroying cinema poster

We use cookies to give you the best possible experience. Learn more