| Monday, 15th September 2025, 11:49 am

കത്തനാര്‍ നീലിയെ തളയ്ക്കാനല്ല, അവളുടെ സഹായം തേടിയാണ് വരേണ്ടതെന്ന എന്റെ വാദം ആദ്യം അംഗീകരിക്കപ്പെട്ടില്ല: ശാന്തി ബാലചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. 200 കോടിയും പിന്നിട്ട് വിജയകുതിപ്പ് തുടരുമ്പോള്‍ ഇന്ത്യയൊട്ടാകെ ചര്‍ച്ചാവിഷയമാകുകയാണ് ചിത്രം.

കള്ളിയങ്കാട്ട് നീലി ഐതിഹ്യകഥയുടെ പുനര്‍വായനപോലെയാണ് ലോകഃ എന്ന് വിശേഷിപ്പിക്കാം. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ ആശയത്തിലേക്കെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍.

ഒരു വാംപയര്‍ കഥ നമ്മുടെ നാടോടിക്കഥയുമായി ബന്ധപ്പെടുത്തി കള്ളിയങ്കാട്ട് നീലിയിലേക്ക് എത്തിച്ചത് ഡൊമിനിക്കിന്റെ ഐഡിയയായിരുന്നുവെന്നാണ് ശാന്തി പറയുന്നത്.

‘കത്തനാര്‍ വന്ന് നീലിയെ തളയ്ക്കുന്നതാണ് നമ്മളൊക്കെ കേട്ട കഥ. ദുഷ്ടശക്തിയായിട്ടാണ് നീലിയെ പൊതുവേ ചിത്രീകരിച്ചിരിക്കുന്നതും. കേട്ട കഥകളില്‍നിന്നെല്ലാം വ്യത്യസ്തമായി ഒരു പുനര്‍വ്യാഖ്യാനത്തിന് ഇവിടെയും സാധ്യതയുണ്ടെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍, കത്തനാര്‍ വന്ന് നീലിയെ പരിവര്‍ത്തനം ചെയ്ത് സൂപ്പര്‍ഹീറോ ആക്കുന്ന വിവരണത്തോട് എനിക്ക് എതിര്‍പ്പുതോന്നി.

കത്തനാര്‍ നീലിയുടെ സഹായം തേടിയാണ് വരേണ്ടത്. അല്ലാതെ തളയ്ക്കാനല്ല. അങ്ങനെയാണ് അമ്മയില്‍നിന്ന് ധാര്‍മികമൂല്യങ്ങള്‍ സ്വീകരിക്കുന്ന നീലിയെ പുനരവതരിപ്പിച്ചത്. എന്റെ ആശയം വ്യക്ത മാക്കിയപ്പോള്‍ സംവാദങ്ങളുണ്ടായിരുന്നു. പക്ഷേ, ഡൊമിനിക് എന്റെ വാദം അംഗീകരിച്ചു,’ ശാന്തി ബാലചന്ദ്രന്‍ പറയുന്നു.

ആ സീനുകള്‍ പ്രേക്ഷകരിലും വൈകാരികമായി കണക്ട് ചെയ്യപ്പെട്ടുവെന്നും ഇതുപോലെ കഥയിലെ വ്യത്യസ്തമായ ഏടുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഡൊമിനിക് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ശാന്തി പറഞ്ഞു. ഡൊമിനിക്കും താനും വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍നിന്ന് വന്നവരാണെന്നും നാടിന്റെ സംസ്‌കാരവും ആളുകളുടെ മനോഭാവവും എന്താണെന്ന് ഡൊമിനിക്കിന് നന്നായറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ജനിച്ചത് കോട്ടയത്താണെങ്കിലും വളര്‍ന്നതും പഠിച്ചതുമൊക്കെ പല സ്ഥലങ്ങളിലാണ്. സൈക്കോളജി, ആന്ത്രപ്പോളജി ഒക്കെയാണ് ഞാന്‍ പഠിച്ചത്. വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും ഐക്യവുമുണ്ടായിരുന്നു. രണ്ടുപേരുടെയും കഴിവുകളും കരുത്തും എന്താണെന്ന് പരസ്പരം അറിയാമായിരുന്നു,’ ശാന്തി പറഞ്ഞു.

Content highlight: Shanthi Balachandran talks about the idea of ​​Loka and Dominic Arun

We use cookies to give you the best possible experience. Learn more