നേര് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ച നടനെ ആരും മറന്നിട്ടുണ്ടാകില്ല. മൈക്കിള്‍ എന്ന കഥാപാത്രത്തിനെ ശങ്കര്‍ ഇന്ദുചൂഢന്‍ എന്ന നടന്‍ വളരെ മനോഹരമായിട്ടാണ് സിനിമയില്‍ അവതരിപ്പിച്ചത്. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. ഇപ്പോള്‍ സിനിമയിലെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ശങ്കര്‍ ഇന്ദുചൂഢന്‍.
‘രക്ഷാധികാരി ബൈജുവിലെ ഹരി കുമ്പളം ശ്രദ്ധേയമായിരുന്നു. പണ്ട് പാടത്തും പറമ്പിലുമൊക്കെയായി ക്രിക്കറ്റ് കളിച്ചിരുന്ന ആളുകളുടെ വലിയൊരു ഫാന്‍ബേസ് ആ സിനിമക്കുണ്ട്. സിനിമ കണ്ടതിന് ശേഷം ഹരി കുമ്പളം എന്ന് ചിലര്‍ വിളിച്ചിരുന്നു.
നേര്, മോഹന്‍ലാല്‍ സാറിന്റെയും ജീത്തു ജോസഫ് സാറിന്റെയും സിനിമയാണ്. അതിന്റെ വിജയം വളരെ വലുതാണ്. അതിലെ മൈക്കിള്‍ ശക്തനായ വില്ലന്‍ കഥാപാത്രമായിരുന്നു. എനിക്ക് വലിയ റീച്ച് കിട്ടുന്നത് നേരിലൂടെയാണ്. എല്ലാ സിനിമയിലും ഒരേപോലെ ഹാര്‍ഡ് വര്‍ക്ക് ചെയ്തു. കഥാപാത്രങ്ങളെ മികച്ചതാക്കാന്‍ കഠിനപ്രയത്‌നം ചെയ്തു. ഒന്ന് മറ്റൊന്നിന്റെ തുടക്കമാണ്.
മുമ്പ് ചെയ്ത സിനിമകളാണ് അടുത്ത അവസരങ്ങളിലേക്ക് എത്തിക്കുന്നത്. അതിനാല്‍ കരിയറിലെ ടേണിങ് പോയിന്റ്‌റായി ഒരു സിനിമയെ പറയാന്‍ കഴിയില്ല. ഓരോന്നില്‍ നിന്നും ചിലത് പഠിക്കാനും ചിലത് തിരുത്താനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നു. ഈ പ്രോസസാണ് എന്റെ ടേണിങ് പോയിന്റ് എന്ന് കരുതുന്നു.
സ്‌കൂളിലും കോളേജിലും നാടകങ്ങളില്‍ അഭിനയിക്കാറുണ്ടായിരുന്നു. നാടകങ്ങള്‍ക്ക് ലഭിച്ച പ്രോത്സാഹനമാണ് അഭിനയത്തോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചത്. ചെറുപ്പംമുതലേ വലിയ സിനിമാപ്രേമിയാണ് ഞാന്‍. സിനിമയിലെത്താന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് വഴിയുണ്ടായിരുന്നില്ല. സിനിമാസൗഹൃദങ്ങളോ സിനിമാപാരമ്പര്യമുള്ള കുടുംബക്കാരോ ഉണ്ടായിരുന്നില്ല. അവസരങ്ങള്‍ ചോദിക്കാന്‍ ആളില്ല. ഓഡിഷന് അയക്കാന്‍ എന്റെ നല്ല കുറച്ച് ഫോട്ടോകള്‍ എടുത്തുവെച്ച് ബയോ ഡേറ്റ തയ്യാറാക്കി. ഓഡിഷനിലൂടെയാണ് ആദ്യ സിനിമയിലെത്തുന്നത്,’ ശങ്കര്‍ ഇന്ദുചൂഢന്‍ സംസാരിക്കുന്നു.
Content Highlight: Sankar Induchoodan talking about Neru Movie