2012-ൽ പുറത്തിറങ്ങിയ നീ കോ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്തേ, അച്ചായൻസ്, 1000 ബേബീസ്, മസ്തിഷ്ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൃഷാദ് സംവിധാനം ചെയ്ത ദി ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ് എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച നടനുള്ള നെക്സ ഇന്ത്യ സ്ട്രീമിംഗ് അവാർഡും ഈയിടെ സഞ്ജു ശിവറാം കരസ്ഥമാക്കിയിരുന്നു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയിലും സഞ്ജു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.
ദി ഷോസ്ക്കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പൃഥ്വിരാജിനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സഞ്ജു ശിവറാം.
സഞ്ജു ശിവറാം. Photo. Screen grab/ Youtube
ഒരു നടൻ എന്നതിലുപരി, പൃഥ്വിരാജ് ഒരു സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൃത്യമായ അറിവും ശ്രദ്ധയുമുള്ള ആളാണെന്നും, അദ്ദേഹത്തോടൊപ്പം അഭിനയിച്ച സമയത്ത് അത് നേരിട്ട് കണ്ടതാണെന്നും സഞ്ജു ശിവറാം പറയുന്നു.
‘പൃഥ്വിരാജ് ഒരു സിനിമയിലെ എല്ലാ കാര്യങ്ങളിലും ഭയങ്കര കോൺഷ്യസ് ആണ്. അദ്ദേഹം സിനിമയിൽ എന്തു ചെയ്തും ജീവിക്കും. കാരണം, ഒരു സിനിമയിൽ അഭിനയിക്കാൻ വരുന്നതാണെങ്കിലും ആ സിനിമയുടെ മേക്കിംഗ് പ്രോസസിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഭയങ്കര കോൺഷ്യസ് ആയിരിക്കും.
ഉദാഹരണത്തിന്, ഞാൻ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ച സമയത്ത് സെറ്റിൽ മറ്റൊരു കഥാപാത്രത്തിന്റെ കോസ്റ്റ്യൂം കണ്ടിട്ട്, അയാളുടെ ആ കോസ്റ്റ്യൂം കുറച്ചുകൂടെ ബെറ്ററാക്കിയാലല്ലേ അത് ബാക്കിയുള്ളവരുമായി ചേർന്നുപോകൂ എന്ന് അദ്ദേഹം ഒരു സജഷൻ പറഞ്ഞു. അത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ എല്ലാവരും ആ സജഷനെക്കുറിച്ച് ചർച്ച ചെയ്തു,’ സഞ്ജു ശിവറാം പറഞ്ഞു.
എന്നാൽ, ഒരു നടൻ എന്ന നിലയിൽ അഭിനയത്തിനപ്പുറം സിനിമയിൽ താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വന്തം വ്യക്തിപരമായ താത്പര്യവും ഇഷ്ടവും കൊണ്ട് ചെയ്യുന്നതാണെന്നും, എല്ലാ അഭിനേതാക്കൾക്കും ആ താത്പര്യം ഉണ്ടാവണമെന്ന് നിർബന്ധമില്ലെന്നുമാണ് പൃഥ്വിരാജ് തനിക്ക് തന്ന മറുപടിയെന്ന് സഞ്ജു ഓർത്തെടുക്കുന്നു.
‘ഈ സംഭവത്തിനുശേഷം ഞാൻ പൃഥ്വിരാജിനോട് പറയുകയുണ്ടായി, ഇത്രയും കാലം സിനിമയിൽ വർക്ക് ചെയ്തിട്ടും ഒരു ആക്ടർ എന്ന നിലയിൽ എന്റെ ഓറിയെന്റേഷൻ തെറ്റാണോ എന്ന് വരെ എനിക്ക് തോന്നിപ്പോയി. ഒരു അഭിനേതാവിന് ഇത്രയൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യമുണ്ടോ എന്ന്.
അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു, അങ്ങനെയൊന്നുമില്ല സഞ്ജൂ, ഒരു ആക്ടർ എന്ന നിലയിൽ ഇതൊന്നും അറിഞ്ഞിരിക്കേണ്ട കാര്യമില്ല. ഇതൊക്കെ അറിയാനും ചെയ്യാനും എനിക്ക് വ്യക്തിപരമായി താത്പര്യമുള്ളതുകൊണ്ട് ഞാൻ ചെയ്യുന്നതാണ്. അതുകൊണ്ട് ഒരു നടൻ എന്നതിലുപരി സിനിമയിലെ ഏതു മേഖലയിലും വർക്ക് ചെയ്ത് ജീവിക്കാൻ അദ്ദേഹത്തിന് കഴിയും,’ സഞ്ജു ശിവറാം കൂട്ടിച്ചേർത്തു.
സഞ്ജു ശിവറാം. Photo. Screen grab/ Youtube