| Sunday, 30th August 2026, 11:59 am

അതൊന്നും ഖലീഫയുടെ ഹൈപ്പ് കൂട്ടണം എന്ന് കരുതി ചെയ്തതല്ല: സഞ്ജു ശിവറാം

നന്ദന. ടി

വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ഓണം റിലീസ് ചിത്രമായിരുന്നു ഖലീഫ. മോഹൻലാൽ, ടൊവിനോ, എന്നിവരുടെ അതിഥി വേഷങ്ങളടക്കം അനൗൺസ്‌മെന്റ് സമയം മുതൽക്കേ തന്നെ പ്രേക്ഷകരിൽ വലിയ തോതിലുള്ള ആകാംക്ഷയും പ്രതീക്ഷകളും സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. എന്നാൽ ഹൈപ്പിനൊത്ത് ഉയരാത്ത ശരാശരി തിരക്കഥയാണ് ഖലീഫയ്ക്ക് തിരിച്ചടിയായത് എന്നാണ് പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണങ്ങൾ.

ചിത്രത്തിലെ സമദ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജു ശിവറാം സിനിമയ്ക്ക് റിലീസിന് മുൻപ് ലഭിച്ച അമിത പ്രതീക്ഷകളെക്കുറിച്ചും അതിനെ നേരിട്ടതിനെക്കുറിച്ചും സംസാരിക്കുകയാണ് മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ.

സഞ്ജു ശിവറാം. Photo. Screen grab/ Youtube

ഖലീഫ’യുടെ ഫസ്റ്റ് ഗ്ലിമ്പ്‌സ്‌ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകർ വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് സിനിമയ്ക്ക് നൽകാൻ തുടങ്ങിയതെന്ന് പറയുകയാണ് സഞ്ജു ശിവറാം. പിന്നീട് ചിത്രത്തിന്റേതായി വന്ന ഫോട്ടോസുമൊക്കെ ആ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയെങ്കിലും, അതൊന്നും സിനിമയുടെ ഹൈപ്പ് കൂട്ടണം എന്ന പ്ലാനോടെ ചെയ്തതല്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു.

‘ഖലീഫയുടെ ഒരു ഫസ്റ്റ് ഗ്ലിമ്പ്‌സ്‌ വന്നിരുന്നു. അത് ഭയങ്കര ഗംഭീരമായിട്ടാണ് ഷൂട്ട് ചെയ്തത്. അത് കഴിഞ്ഞപ്പോൾ വ്യക്തിപരമായി എനിക്ക് തോന്നിയത്, സിനിമ മൊത്തത്തിൽ ഇങ്ങനെയായിരിക്കും എന്ന് ആളുകൾ വിചാരിക്കില്ലേ എന്നായിരുന്നു. കാരണം സിനിമ ഉടനീളം ആ ഗ്ലിംസിൽ കണ്ടതുപോലെയല്ല, അപ്പോൾ ‘ഇനി എന്ത് ചെയ്യും’ എന്നൊരു ആശങ്കയുണ്ടായിരുന്നു.

അതിനുശേഷം ദിവസങ്ങൾ കഴിയുംതോറും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും കൂടി വരികയായിരുന്നു. പിന്നെ സിനിമയുടെ കുറേ ഫോട്ടോസൊക്കെ വരുമ്പോഴും ആ എക്സ്പെക്റ്റേഷൻസ് കൂട്ടി. പക്ഷെ അതിൽ പലതും സ്വാഭാവികമായി സംഭവിച്ചതാണ്, അല്ലാതെ നമുക്ക് ഹൈപ്പ് കൂട്ടണം അല്ലെങ്കിൽ മാർക്കറ്റിംഗ് കൂട്ടണം എന്ന പ്ലാനോടെ ചെയ്തതൊന്നുമല്ല,’ സഞ്ജു ശിവറാം പറഞ്ഞു.

ഖലീഫയുടെ പ്രൊമോഷൻ വേളയിൽ നടൻ പൃഥ്വിരാജിനോടും തന്നോടും ചിത്രത്തിന് പ്രതീക്ഷ കൂട്ടുന്ന തരത്തിൽ ഒന്നും തന്നെ പറയരുത് എന്ന് അണിയറപ്രവർത്തകർ പറഞ്ഞതായി സഞ്ജു പറയുന്നു.

‘ഞങ്ങൾ പ്രൊമോഷന് പോകുമ്പോൾ, സിനിമയെക്കുറിച്ച് വലിയ രീതിയിൽ ഒന്നും കുടുതൽ പറയരുതെന്ന് അണിയറപ്രവർത്തകർ എല്ലാവരോടും പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. ‘അങ്ങനെയാണെങ്കിൽ ഞാൻ എന്താണ് പറയേണ്ടത്’ എന്ന് ചോദിച്ചപ്പോൾ, വലിയ പ്രതീക്ഷകളൊന്നും കൊടുത്ത് മുകളിൽ കയറ്റി വെക്കേണ്ട, നോർമലായിട്ട് പറഞ്ഞാൽ മതി എന്നാണ് പറഞ്ഞത്.

ഖലീഫ. Photo. IMDb

രാജുവേട്ടനോടും അങ്ങനെത്തന്നെയാണ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇനി അഥവാ ചേട്ടൻ അങ്ങനെയെന്തെങ്കിലും എക്സ്പെക്റ്റേഷൻസ് കൂട്ടുന്ന കാര്യങ്ങൾ പറഞ്ഞാൽ കൈയിലൊരു പിച്ച് കൊടുത്തോ എന്നൊക്കെ തമാശയായി പറയുമായിരുന്നു. ഞാൻ രാജുവേട്ടനോട് ചോദിക്കുമായിരുന്നു, ശരിക്കും നമ്മൾ ഈ പടത്തെ പ്രൊമോട്ട് ചെയ്യാനാണോ അതോ എക്സ്പെക്റ്റേഷൻസ് കുറച്ച് ഡീമോട്ടിവേറ്റ് ചെയ്യാനാണോ ഈ പരിപാടിക്ക് ഒക്കെ പോവുന്നത് എന്ന്,’ സഞ്ജു ശിവറാം പറഞ്ഞു.

Content Highlight: Sanju Sivram talks about the overhype generated for the movie Khalifa

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more