| Tuesday, 25th August 2026, 12:50 pm

ഒരു അഭിനേതാവിന് കാരവാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നത് അവർ വലിയ ആളായതുകൊണ്ടല്ല എന്ന് തിരിച്ചറിയണം: സഞ്ജു ശിവറാം

നന്ദന. ടി

2012-ൽ പുറത്തിറങ്ങിയ നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്തേ, അച്ചായൻസ്, 1000 ബേബീസ്, മസ്തിഷ്ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത ദി ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ് എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച നടനുള്ള നെക്സ ഇന്ത്യ സ്ട്രീമിംഗ് അവാർഡും ഈയിടെ സഞ്ജു ശിവറാം കരസ്ഥമാക്കിയിരുന്നു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയിൽ സമദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

ദി ഷോസ്ക്കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സഞ്ജു ശിവറാം.

സഞ്ജു ശിവറാം. Photo. X.com

ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ അഭിനേതാവിന് ലഭിക്കുന്ന കരുതലും സൗകര്യങ്ങളും അവരുടെ പ്രെസൻസ് ഓഫ് മൈൻഡ് നിലനിർത്താനും, അതുവഴി മികച്ച പ്രകടനം കാഴ്ചവെക്കാനും വേണ്ടിയാണെന്ന് പറയുകയാണ് നടൻ സഞ്ജു ശിവറാം.

‘ഒരു സിനിമയിൽ അഭിനയിക്കാൻ സെറ്റിൽ എത്തുമ്പോൾ നമ്മുടെ പ്രെസൻസ് ഓഫ് മൈൻഡ് നിലനിർത്തുക, നമ്മൾ ക്ഷീണിതനായിരിക്കുമ്പോഴും ഫോക്കസ്ഡ് ആയിരിക്കാൻ സാധിക്കുക എന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി തന്നെയാണ്.

ഒരു ആക്ടറിന് സെറ്റിൽനിന്ന് കരുതലും പരിഗണനയുമൊക്കെ ലഭിക്കുന്നത് ഈ പ്രെസൻസ് ഓഫ് മൈൻഡ് നിലനിർത്താൻ വേണ്ടിയാണ്. അത് നമ്മൾ തെറ്റായ രീതിയിൽ എടുക്കേണ്ട കാര്യമില്ല. അഭിനേതാക്കൾക്ക് കാരവാനും നല്ല സൗകര്യങ്ങളുമൊക്കെ നൽകുന്നത് അവരുടെ മികച്ച പ്രകടനത്തിനു വേണ്ടിയാണ്,’ നടൻ പറഞ്ഞു.

കാരവാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആളുകൾ കാണുന്നത് ഒരു അഭിനേതാവിന് ലഭിക്കുന്ന ആഡംബരങ്ങളായിട്ടാണ്. എന്നാൽ ഒരു അഭിനേതാവ് തന്റെ അഭിനയത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നായിട്ടാണ് ആ സൗകര്യങ്ങളെ കാണേണ്ടതെന്ന് പറയുകയാണ് സഞ്ജു.

‘ആളുകൾ ഈ സൗകര്യങ്ങളൊക്കെ കാണുമ്പോൾ പറയുക അവന്മാർക്ക് നല്ല സുഖമാണ് എന്നാണ്. അവിടെ ആ പ്രൊഡക്റ്റിന്റെ ബെസ്റ്റ് കിട്ടാനാണ് ഈ സൗകര്യങ്ങൾ നൽകുന്നത്. താൻ വലിയ ആളായതുകൊണ്ടല്ല ഈ സൗകര്യങ്ങൾ ലഭിക്കുന്നത് എന്ന് ആക്ടേഴ്സും തിരിച്ചറിയണം.

കരിയറിന്റെ തുടക്കകാലത്ത് അഭിനയിക്കുന്ന സമയത്ത് സെറ്റിൽ ഒരു മഴയൊക്കെ പെയ്താൽ ആരെങ്കിലും കുടയുമായി ഓടിവരും. ഞാൻ മഴ നനഞ്ഞാൽ കോസ്റ്റ്യൂം നനയുമെന്നും അടുത്ത ഷോട്ടിൽ അത് അറിയുമെന്നും കരുതി മാത്രമാണ് അവർ അത് ചെയ്യുന്നത്, അല്ലാതെ നമ്മൾ വലിയ സംഭവം ആയതുകൊണ്ടൊന്നുമല്ല,’ സഞ്ജു ശിവറാം പറഞ്ഞു.

സഞ്ജു ശിവറാം. Photo. Screen grab/ Youtube

Content Highlight: Sanju Sivaram says caravans are not luxuries but facilities that help actors deliver their best

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more