| Friday, 4th September 2026, 11:40 am

അങ്കമാലിയിലെ ആദ്യത്തെ കാസ്റ്റ് ടൊവിനോ, സൗബിന്‍, അജു, ജോജു എന്നിവരായിരുന്നു, നടക്കാതെ പോയത് പ്രയാസമുണ്ടാക്കി: സഞ്ജു ശിവറാം

അശ്വിന്‍ രാജേന്ദ്രന്‍

2012-ല്‍ പുറത്തിറങ്ങിയ നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്‌തേ, അച്ചായന്‍സ്, മസ്തിഷ്‌ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കൃഷാന്ദ് സംവിധാനം ചെയ്തദി ക്രോണിക്കിള്‍സ് ഓഫ് ദ 4.5 ഗ്യാങ് എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച നടനുള്ള നെക്‌സ ഇന്ത്യ സ്ട്രീമിങ് അവാര്‍ഡും ഈയിടെ സഞ്ജു ശിവറാം കരസ്ഥമാക്കിയിരുന്നു. വൈശാഖിന്റെ സംവിധാനത്തില്‍ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജ് ചിത്രം ഖലീഫയില്‍ സമദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് സഞ്ജു.

സഞ്ജു ശിവറാം. Photo: Screen Grab/ Movie world Originals/ Youtube.com

ഖലീഫയുടെ വിജയത്തിന് പിന്നാലെ മൂവി വേള്‍ഡ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിനെ കുറിച്ച് സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ആദ്യം തീരമാനിച്ചിരുന്നത് ടൊവിനോയും ജോജു ജോര്‍ജും അടക്കമുള്ള കാസ്റ്റായിരുന്നു എന്നും പിന്നീട് ബജറ്റിലുണ്ടായ പ്രശ്‌നങ്ങള്‍ കൊണ്ട് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ചിത്രം ഒരുക്കുകയായിരുന്നുവെന്നും സഞ്ജു പറയുന്നു.

‘അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനൊപ്പം ഏകദേശം ഒന്നൊന്നര വര്‍ഷത്തോളം ഞാന്‍ സഞ്ചരിച്ചിരുന്നു. ആ സിനിമയാണ് എന്റെ അടുത്തത് എന്ന രീതിയില്‍ ആ ചിത്രത്തിന് വേണ്ടി മറ്റ് പല പ്രൊജക്ടുകളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതിന് വേണ്ടി വര്‍ക്ക് ഔട്ട് ചെയ്യുകയും ആ പ്രൊസസില്‍ ഒരുപാട് വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിലേ ആവാന്‍ തുടങ്ങി. അതിന് ശേഷമാണ് മുഴുവന്‍ ഫ്രെഷേഴ്‌സ് എന്ന ഒരു രീതിയിലേക്ക് മാറുന്നത്. അങ്ങനെ അത് മാറിപ്പോയി.

ഒരുപാട് പേര്‍ ഞാന്‍ ആ സിനിമ ചെയ്യുന്നതിനെ കുറിച്ച് അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. അതെനിക്ക് വലിയ ഷോക്കായിരുന്നു. ഏകദേശം ഒന്നൊന്നര വര്‍ഷത്തോളം എന്റെ കോണ്‍ഫിഡന്‍സെല്ലാം പോയ ഒരു അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിച്ചു. അടുത്തത് എന്താണ് എന്നൊരു ശൂന്യതയിലായിരുന്നു ഞാന്‍.

അങ്കമാലി ഡയറീസ്. Photo: The New Indian Express

അതൊരു ലൈഫ് ലെസണ്‍ ആയിട്ടാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ടായിരുന്നു. ആ സിനിമയ്ക്ക് നമ്മള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ 65 ദിവസത്തെ ഷൂട്ടിങ് ആവശ്യമായി വന്നിരുന്നു. അത്രയും ദിവസം ചെയ്യുമ്പോള്‍ തന്നെ അതൊരു വലിയ ബജറ്റായി മാറും. അങ്ങനെയാണ് ഫുള്‍ ഫ്രെഷേസിനെ വെച്ച് ചെയ്യിക്കാം എന്ന തീരുമാനത്തിലേക്കെത്തുന്നത്. ചിത്രത്തിന്റെ ആദ്യത്തെ കാസ്റ്റിങ് വളരെ വലുതായിരുന്നു. അത് കേട്ടാല്‍ നമ്മള്‍ ഞെട്ടും. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ചേട്ടന്‍ തുടങ്ങി വലിയ കാസ്റ്റായിരുന്നു ഉണ്ടായിരുന്നത്,’ സഞ്ജു പറഞ്ഞു.

Content Highlight: Sanju Shivaram talks about his misses chance in Angamaly Diaries movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more