| Thursday, 3rd September 2026, 4:20 pm

2018 ന് ശേഷമാണ് ഞാനും ആമിർ ഖാനും ഹൃതിക് റോഷനുമൊക്കെ മൂന്ന് വർഷം കൂടുമ്പോൾ പടം ചെയ്യുന്ന ആൾക്കാരാണ് എന്ന് മനസിലാക്കിയത്: സഞ്ജു ശിവറാം

നന്ദന. ടി

2012-ൽ പുറത്തിറങ്ങിയ നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്തേ, അച്ചായൻസ്, മസ്തിഷ്ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ പൃഥ്വിരാജ് ചിത്രം ഖലീഫയിലെ സമദ് എന്ന കഥാപാത്രത്തിലൂടെ സഞ്ജു വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയിൽ തനിക്ക് വന്ന ഇടവേളകളെ കുറിച്ച് മൂവി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുയായിരുന്നു സഞ്ജു ശിവറാം.

ഒരു അഭിനേതാവ് ഫീൽഡ് ഔട്ട് ആകുന്നത് അവസാനമായിരിക്കും അവർ അറിയുക എന്ന് പറയുകയാണ് സഞ്ജു. അത്തരം അനുഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സഞ്ജു.

സഞ്ജു ശിവറാം. Photo. X.com

‘കൊവിഡിന്റെ സമയത്താണല്ലോ സിനിമാമേഖലയിൽ ഒരു തളർച്ച അനുഭവപ്പെട്ടത്. എന്നാൽ അതിനൊക്കെ മുമ്പേ തന്നെ ഞാൻ തകർന്നിരുന്നു. ഒരു സമയത്ത് ഞാൻ പോലുമറിയാതെ ഞാൻ ഫീൽഡ് ഔട്ട് ആയിരുന്നു. ഒരു ആക്ടർ ഫീൽഡ് ഔട്ട് ആയി എന്ന് ഏറ്റവും അവസാനം മനസിലാക്കുന്നത് ആ ആക്ടർ തന്നെയായിരിക്കും എന്നത് ഞാൻ കേട്ടിരുന്നെങ്കിലും പിന്നീടാണ് അത് എനിക്ക് മനസിലായത്.

പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെ ഒരു കാര്യം സംഭവിച്ചില്ല എന്നത് സന്തോഷം തരുന്ന കാര്യമാണ്. ഞാൻ ഒരു പടം ചെയ്തിട്ട് മോശമാണെന്ന് പറഞ്ഞാൽ ഞാൻ അത് സ്വീകരിക്കാൻ തയ്യാറാണ്. സുഹൃത്തുക്കളോടക്കം എന്റെ സിനിമകൾ കണ്ടിട്ട് പോരായ്മകൾ പറയാനാണ് ഞാൻ പറയാറുള്ളത്,’ സഞ്ജു പറഞ്ഞു.

2018-ൽ പുറത്തിറങ്ങിയ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ കരിയറിൽ ഒരിടവേള സംഭവിച്ചു എന്ന് പറയുകയാണ് നടൻ. പിന്നീട് 2022-ൽ തന്റെ അടുത്ത ചിത്രം പുറത്തിറങ്ങിയപ്പോൾ താനും, ബോളിവുഡ് നടന്മാരായ ഹൃതിക് റോഷനും ആമിർ ഖാനും എല്ലാം മൂന്ന് വർഷം കൂടുമ്പോഴാണ് സിനിമകൾ ചെയ്യാറുള്ളത് എന്ന് തമാശരൂപേണ പറയുകയാണ് സഞ്ജു.

‘കൊവിഡിന് മുമ്പ് ഞാൻ ചെയ്ത അച്ചായൻസ് എന്ന സിനിമ തരക്കേടില്ലാതെ പോയി. പക്ഷേ അതിനു ശേഷം ചെയ്ത ഒരു  കുട്ടനാടൻ ബ്ലോഗ് എന്ന സിനിമ വിജയിച്ചില്ല. അങ്ങനെ പിന്നെ 2018-ന് ശേഷം എനിക്ക് സിനിമകൾ ഇല്ലായിരുന്നു. പക്ഷേ 2019-ൽ വർത്തമാനം എന്ന് പറഞ്ഞ ഒരു സിനിമ ചെയ്തെങ്കിലും ആ സിനിമ കൊമേർഷ്യലി സക്സസ് ആകില്ലെന്ന് അറിയാമായിരുന്നു. എങ്കിലും അതിൽ എന്റെ കഥാപാത്രത്തിന് ഒരു സ്‌പേസ് ഉള്ളതുകൊണ്ടാണ് ചെയ്തത്.

സഞ്ജു ശിവറാം. Photo. Screen grab/ Youtube

അതല്ലാതെ പിന്നെ 2018-ന് ശേഷം എന്റെ സിനിമ വന്നത് 2021-ൽ ആയിരുന്നു. ആ സമയം ഞാൻ സ്വയം ആശ്വസിച്ചത് ഞാനും ആമിർ ഖാനും ഹൃതിക് റോഷനെയുമൊക്കെ മൂന്ന് വർഷം കൂടുമ്പോഴാണ് സിനിമകൾ ചെയ്യുന്നത് എന്നാണ്. പക്ഷേ പിന്നെ കോവിഡ് വന്നപ്പോൾ എല്ലാവരുടെയും അവസ്ഥ അങ്ങനെ തന്നെയായിരുന്നു, അതിനു ശേഷം മെല്ലെ എല്ലാം റെഡിയായി,’ സഞ്ജു ശിവറാം പറഞ്ഞു.

Content Highlight: Sanju Shivaram talks about his career break in Cinema

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more