2012-ൽ പുറത്തിറങ്ങിയ നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്തേ, അച്ചായൻസ്, മസ്തിഷ്ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത ദി ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ് എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച നടനുള്ള നെക്സ ഇന്ത്യ സ്ട്രീമിംങ് അവാർഡും ഈയിടെ സഞ്ജു ശിവറാം കരസ്ഥമാക്കിയിരുന്നു.
വൈശാഖിന്റെ സംവിധാനത്തിൽ ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ പൃഥ്വിരാജ് ചിത്രം ഖലീഫയിൽ സമദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
ഖലീഫയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ വൈശാഖിനൊപ്പം പ്രവർത്തിച്ച അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു ശിവറാം. സിനിമയുടെ ഓരോ കാര്യത്തിലും വൈശാഖ് വളരെ അധികം ഇൻവോൾവ്ഡ് ആണെന്ന് പറയുകയാണ് നടൻ. ആർട്ടിസ്റ്റുകളോടെ വളരെ ക്ഷമയോടുകൂടിയാണ് പെരുമാറുള്ളതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
സഞ്ജു ശിവറാം. Photo. X.com
‘ചെയ്യുന്ന സിനിമകളിൽ അത്രയും ഇൻവോൾവ്ഡ് ആയിട്ടുള്ള ഒരാളായിട്ടാണ് വൈശാഖേട്ടനെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. ഖലീഫയുടെ പാക്ക് അപ്പ് സമയത്ത് വൈശാഖേട്ടൻ ഞങ്ങളെ എല്ലാവരെയും വിളിച്ചിരുത്തി പറഞ്ഞത്, എല്ലാവരും എന്നോട് ക്ഷമിക്കണം. എനിക്ക് ഷൂട്ട് തുടങ്ങി മോണിറ്റർ കണ്ടുകഴിഞ്ഞാൽ എന്റെ ശ്രദ്ധ ഇവിടെ മാത്രമായിരിക്കും. പിന്നെ പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയും വെക്കാറില്ല. അതുകൊണ്ടാണ് ഭക്ഷണത്തിനടക്കം നിങ്ങൾക്ക് കൃത്യസമയത്ത് ബ്രേക്ക് തരാൻ കഴിയാത്തത് എന്നായിരുന്നു.
അത്രയ്ക്കും ഇൻവോൾവ്മെന്റാണ് അദ്ദേഹത്തിന്. അതുപോലെ ഓരോ ചെറിയ സാധനങ്ങൾ പോലും റെഡിയായി വരുമ്പോഴുള്ള അദ്ദേഹം അത് എക്സ്പ്രസ്സ് ചെയ്യും. പിന്നെ ആർട്ടിസ്റ്റുകളോട് കാണിക്കുന്ന ക്ഷമ ഭയങ്കരമാണ്. പുള്ളി നമ്മളെ മോനേ, മോളേ എന്നൊക്കെ വിളിച്ച് സ്നേഹത്തോടെയാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്,’ സഞ്ജു പറഞ്ഞു.
വൈശാഖും പൃഥ്വിരാജും തമ്മിലുള്ള മികച്ച കെമിസ്ട്രിയെക്കുറിച്ചും സഞ്ജു ശിവറാം അഭിമുഖത്തിൽ സംസാരിച്ചു. ഖലീഫയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിനെ വൈശാഖിന്റെ ഏറ്റവും നല്ല അസോസിയേറ്റായാണ് തനിക്ക് തോന്നിയതെന്നും സഞ്ജു ശിവറാം പറഞ്ഞു.
‘അതിനൊപ്പം തന്നെ വൈശാഖേട്ടന് രാജുവേട്ടൻ കൊടുക്കുന്ന സപ്പോർട്ടും വളരെ വലുതാണ്. ഖലീഫയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് അവർ തമ്മിൽ ഭയങ്കര രസമുള്ള ഒരു കെമിസ്ട്രിയുണ്ടായിരുന്നു. പലപ്പോഴും ഷൂട്ടിങ്ങിനിടയിൽ ഓപ്പോസിറ്റുള്ള ആൾ അഭിനയിക്കുന്നത് ഉദ്ദേശിച്ചതുപോലെ വരുന്നില്ലെന്ന് കണ്ടാൽ വൈശാഖേട്ടൻ കട്ട് പറയുന്നതിന് മുന്നേ തന്നെ രാജുവേട്ടൻ കട്ട് പറയും. കാരണം ഇവർ തമ്മിൽ അത്രയും വലിയൊരു കെമിസ്ട്രിയുണ്ട്.
ഖലീഫ. Photo. District
എനിക്ക് തോന്നുന്നത് വൈശാഖേട്ടന്റെ ഏറ്റവും നല്ല അസോസിയേറ്റ് ആയിട്ടുണ്ടായിരുന്നത് രാജുവേട്ടനായിരുന്നു എന്നാണ്. ഞാൻ ഈ കാര്യം ചോദിച്ചപ്പോൾ വൈശാഖേട്ടൻ പറഞ്ഞിട്ടുമുണ്ട്, പൃഥ്വിരാജ് ഉണ്ടെങ്കിൽ ഭയങ്കര ഹെൽപ്‌ഫുൾ ആണ്. അതുകൊണ്ട് ഒരുപാട് ടെൻഷൻസ് ഒഴിവാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്ന്,’ സഞ്ജു ശിവറാം പറഞ്ഞു.