| Saturday, 24th January 2026, 12:59 pm

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം അങ്ങനെയൊന്നും അഴിച്ച് വെക്കാന്‍ ഉദ്ദേശിക്കുന്നില്ല'; പവര്‍ പ്ലേയില്‍ സഞ്ജു പറത്തിയടിക്കും...

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് തിളങ്ങാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ മത്സരത്തില്‍ ഏഴ് പന്തില്‍ രണ്ട് ബൗണ്ടറികളടക്കം 10 റണ്‍സ് നേടിയ സഞ്ജു കൈല്‍ ജാമിസണിന് കീഴടങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ അഞ്ച് പന്തില്‍ ഒരു സിക്‌സര്‍ മാത്രം നേടിയ താരം മാറ്റ് ഹെന്റിക്ക് മുന്നിലും അടിപതറി.

സഞ്ജു സാംസണ്‍- Photo: Sports Yaari

ടി-20 ലോകകപ്പിന് മുന്നോടിയായ നിര്‍ണായകമായ പരമ്പരയായതുകൊണ്ടുതന്നെ സഞ്ജു നിറം മങ്ങുന്നത് ഒരു ചോദ്യ ചിഹ്നമാണ്. എന്നിരുന്നാലും അയാള്‍ ഫോമില്‍ തിരച്ചെത്തുമെന്നത് ഉറപ്പാണ്. താന്‍ അടിതെറ്റാന്‍ കാത്തിരിക്കുന്നവര്‍ക്ക് ബാറ്റിലൂടെ അയാള്‍ മറുപടി നല്‍കുമെന്നതും തീര്‍ച്ച, കാരണം ‘വിയര്‍പ്പ് തുന്നിയിട്ട ആ കുപ്പായം’ തന്നെയാണ്. അതുകൊണ്ടുതന്നെ ഫെബ്രുവരിയില്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പിന് താന്‍ യോഗ്യനാണെന്ന് ഒരിക്കല്‍ കൂടി സഞ്ജുവിന് തെളിയിക്കേണ്ടി വരും.

അതിനായി ബ്ലാക് ക്യാപ്‌സിനെതിരെ ഇനിയും മൂന്ന് മത്സരങ്ങള്‍ അദ്ദേഹത്തിനുണ്ട്. വൈകാതെ സഞ്ജു മിന്നും പ്രകടനം നടത്തുമെന്നാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ വിശ്വസിക്കുന്നത്. പവര്‍ പ്ലേയില്‍ മികച്ച തുടക്കം ലഭിച്ചുകഴിഞ്ഞാല്‍ തന്റെ ഇന്നിങ്‌സ് സെഞ്ച്വറി വരെ എത്തിക്കാന്‍ കഴിയുന്ന താരമാണ് സഞ്ജു എന്നത് മറക്കരുത്.

സഞ്ജു സാംസണ്‍- Photo: BCCI

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ കാര്യം തന്നെ നോക്കിയാല്‍ സഞ്ജു അടിച്ച മൂന്ന് സെഞ്ച്വറികള്‍ക്ക് ചിലതൊക്കെ ഓര്‍മപ്പെടുത്താന്‍ സാധിക്കും. അതില്‍ രണ്ട് സെഞ്ച്വറികള്‍ ബാക് ടു ബാക് ആണെന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ ഓപ്പണിങ്ങില്‍ ഇറങ്ങി ബംഗ്ലാദേശിന്റെ റാഷിദ് ഹുസൈനെ അഞ്ച് സിക്‌സര്‍ പറത്തിയതും ഏറെ വാഴ്ത്തപ്പെട്ടിരുന്നു.

എന്നിരുന്നാലും വീണുകഴിഞ്ഞാല്‍ എഴുന്നേല്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള ഇന്ത്യന്‍ ടീമിന്റെ അന്തരീക്ഷത്തില്‍ സഞ്ജുവിന് മേല്‍ തീര്‍ച്ചയായും സമ്മര്‍ദമുണ്ടാകും. പക്ഷെ സമ്മര്‍ദങ്ങളെ കാറ്റില്‍ പറത്തിയടിച്ച് സിക്‌സറുകളാക്കാന്‍ സഞ്ജുവിന് സാധിക്കട്ടെ എന്ന് തന്നെ വിശ്വസിക്കാം.

അതേസമയം കിവീസിനെതിരെ റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 15.2 ഓവറിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തിലാണ് ആതിഥേയര്‍ കിവികളെ തകര്‍ത്തത്. സൂര്യ 37 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് നേടിയത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 221.62 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

കിഷന്‍ 32 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മിന്നും തിരിച്ചുവരവാണ് ടി-20യില്‍ നടത്തിയത്. 237.50 എന്ന വെടിക്കെട്ട് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. അതേസമയം ന്യൂസിലാന്‍ഡിനെതിരായ അടുത്ത മത്സരം ജനുവരി 25ന് ഗുവാഹത്തിയിലാണ് അരങ്ങേറുന്നത്.

Content Highlight: Sanju Samson Will Shine Upcoming T-20i Against New Zealand

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more