| Tuesday, 2nd September 2025, 3:39 pm

കൊച്ചിക്ക് കനത്ത തിരിച്ചടി; കെ.സി.എല്ലില്‍ സഞ്ജു ശേഷിച്ച മത്സരങ്ങള്‍ കളിക്കില്ല! കാരണമിത്...

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ടൂര്‍ണമെന്റില്‍ പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനക്കാരായാണ് ടീമിന്റെ സെമി പ്രവേശനം. നിലവില്‍ രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ മത്സരം കാര്യവട്ടത്ത് പുരോഗമിക്കുകയാണ്. എന്നാല്‍ പ്ലെയിങ് ഇലവന്‍ പുറത്ത് വന്നപ്പോള്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പേര് ഇല്ലായിരുന്നു.

കെ.സി.എല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ കളിക്കില്ലെന്നാണ് പുതിയാ റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഏഷ്യാകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഇന്ത്യന്‍ ക്യാമ്പില്‍ ചേരുന്നതിനാണ് സഞ്ജു കെ.സി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് ന്യൂസ് മലയാളം 24 പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ബ്ലൂ ടെഗേഴ്‌സിന് തനത്ത തിരിച്ചടിയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് കൊച്ചി ടേബിള്‍ ടോപ്പറിലേക്ക് കുതിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് ബ്ലൂ ടൈഗേഴ്‌സ് സീസണിലെ ആറാം വിജയം സ്വന്തമാക്കിയിരുന്നു. ഈ വിജയം നേടിയതാകട്ടെ സഞ്ജു സാംസണിന്റെ വെടിക്കെട്ടിന്റെ കരുത്തിലും.

തുടര്‍ച്ചയായ നാലാം 50+ സ്‌കോറുകള്‍ സ്വന്തമാക്കിയാണ് സഞ്ജു ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 41 പന്ത് നേരിട്ട താരം 83 റണ്‍സാണ് നേടിയത്. ഒമ്പത് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 202.44 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

അതേസമയം ഏഷ്യാ കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി സഞ്ജു ഓപ്പണറായും വിക്കറ്റ് കീപ്പറായും പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. കെ.സി.എല്ലില്‍ താരത്തിന്റെ സെഞ്ച്വറിയടക്കമുള്ള വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് പ്രേമികളും സീനിയര്‍ ക്രിക്കറ്റ് താരങ്ങളും ഏറെ ചര്‍ച്ച ചെയ്തിരുന്നു.

Content Highlight: Sanju Samson will not play in the remaining matches for Kochi Blue Tigers in the KCL

We use cookies to give you the best possible experience. Learn more