| Wednesday, 15th January 2025, 4:42 pm

ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ സഞ്ജു ഉണ്ടാകില്ല; റിപ്പോര്‍ട്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റ് 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയും പാകിസ്ഥാനുമൊഴികെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരാകും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. എന്നാല്‍ 2024 -25 വിജയ്ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ മത്സരിക്കാത്തതിനെ തുടര്‍ന്ന് സീനിയര്‍ താരങ്ങള്‍ താരത്തെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി മുന്നിലുള്ളപ്പോള്‍ സഞ്ജു ആഭ്യന്തര മത്സരങ്ങള്‍ ഒഴിവാക്കരുതെന്ന് ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിജയ് ഹസാരെയില്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ താത്പ്പര്യമുണ്ടെന്ന്  പറഞ്ഞിട്ടും പരിശീലന ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സഞ്ജുവിന് അവസരം നല്‍കാതെ വരികയായിരുന്നു. പകരം യുവതാരത്തിന് അവസരം നല്‍കാനാണ് കെ.സി.എ തീരുമാനിച്ചത്.

ഡിസംബര്‍ 23ന് ബറോഡയ്ക്ക് എതിരായ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജു തന്റെ ലഭ്യതയെക്കുറിച്ച് സംസാരിച്ചെങ്കിലും അസോസിയേഷനില്‍ ടീമിനെ അന്തിമമായി സ്ഥിരീകരിച്ചെന്നും കെ.സി.എ ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

എന്നിരുന്നാലും വിജയ് ഹസാരെയില്‍ കളിക്കാത്തത് സഞ്ജുവിന്റെ സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നതിന് സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെ.എല്‍. രാഹുലിനെയോ റിഷബ് പന്തിനെയോ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കാനാണ് സാധ്യത.

ഏകദിനത്തില്‍ കളിച്ച 14 ഇന്നിങ്‌സില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയിലും 99.60 സ്‌ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്.

ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം കുറിച്ചിട്ടുണ്ട്. അതേസമയം റിഷബ് പന്താകട്ടെ 27 ഇന്നിങ്‌സില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ പന്ത് സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Sanju Samson will not be in the Champions Trophy squad; Report

 
We use cookies to give you the best possible experience. Learn more