| Wednesday, 8th October 2025, 9:14 am

ഏറ്റവും മികച്ച ബാറ്റര്‍ അഭിഷേകുമല്ല തിലകുമല്ല; മിന്നും നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

കായിക താരങ്ങളെ ആദരിക്കുന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നിരുന്നു. ചടങ്ങില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടി-20 പുരുഷ ബാറ്റര്‍ എന്ന നേട്ടം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. വെടിക്കെട്ട് ബാറ്റര്‍മാരായ അഭിഷേക് ശര്‍മയേയും തിലക് വര്‍മയേയും പിന്തള്ളയാണ് സഞ്ജു ഈ നേട്ടം കൈക്കലാക്കിയത്. താരത്തിന് പുറമെ വരുണ്‍ ചക്രവര്‍ത്തി മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സീസണില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് നിര്‍ണായക ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മധ്യ നിരയിലും ടോപ് ഓര്‍ഡറിലുമായി ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളിലെ നാല് ഇന്നിങ്സില്‍ നിന്ന് 132 റണ്‍സാണ് സഞ്ജു നേടിയത്. 56 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.0 എന്ന ആവറേജിലുമാണ് സഞ്ജു ബാറ്റ് വീശിയത്. ഏഴ് സിക്സും ഏഴ് ഫോറും താരം അടിച്ചെടുത്തിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ആറ് സിക്‌സും അഞ്ച് ഫോറും നേടാന്‍ സഞ്ജുവിന് സാധിച്ചു. അതോടെ ടി-20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ഇതിഹാസം എം.എസ് ധോണിയെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. മാത്രമല്ല ഐ.സി.സി ടി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്ന് 31ാം സ്ഥാനത്ത് എത്താനും സഞ്ജുവിന് സാധിച്ചിരുന്നു.

എന്നിരുന്നാലും ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. തന്റെ അവസാന ഏകദിന മത്സരത്തില്‍ പ്രോട്ടിയാസിനെതിരെ സെഞ്ച്വറി നേടിയിട്ടും താരത്തെ തഴഞ്ഞതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെ നടക്കുന്ന അഞ്ച് ടി-20 മത്സരങ്ങളുടെ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം നേടാന്‍ സാധിച്ചു.

ടി-20യില്‍ 49 മത്സരങ്ങളില്‍ നിന്ന് 993 റണ്‍സാണ് സഞ്ജു നേടിയത്. ഫോര്‍മാറ്റില്‍ 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 26.1 എന്ന ആവറേജും 148 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി.

അതേസമയം ഏകദിനത്തില്‍ 16 മത്സരത്തില്‍ നിന്ന് 510 റണ്‍സാണ് താരം സ്വന്തമാക്കിയത്. അധികം മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും 108 റണ്‍സിന്റെ മികച്ച ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 99.6 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിന് ഏകദിനത്തിലുള്ളത്. ഫോര്‍മാറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും താരം അക്കൗണ്ടിലാക്കി.

Content Highlight: Sanju Samson was named Men’s T20I Batter of the Year at the CEAT Cricket Rating Awards 2025

We use cookies to give you the best possible experience. Learn more