| Friday, 9th October 2026, 8:04 am

തലയും ചിന്നത്തലയും ഒരുമിച്ച് വീഴും; ചരിത്രം തിരുത്താൻ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്നാണ് നടക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ കരുത്തിലാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം മത്സരം വിജയിച്ചുകൊണ്ട് പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനായിരിക്കും കരീബിയൻ പടയുടെ ലക്ഷ്യം.

മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിനും ആരാധകർ കാത്തിരിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ മലയാളി താരം രണ്ടാം മത്സരത്തിൽ ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സരത്തിൽ സഞ്ജുവിനെ കാത്ത് ഒരു വമ്പൻ റെക്കോഡുമുണ്ട്. മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്റർനാഷണൽ ടി-20യിലെ ഇന്ത്യയുടെ വേട്ടക്കാരിൽ മുൻ നായകൻ എം.എസ് ധോണിയെയും സുരേഷ് റെയ്നയെയും ഒരുമിച്ച് മറികടക്കാനുള്ള അവസരമാണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്.

നിലവിൽ കുട്ടി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 1578 റൺസ് നേടിയ സഞ്ജുവിന് 28 റൺസ് നേടിയാൽ റെയ്നയെയും 40 റൺസ് നേടിയാൽ ധോണിയെയും മറികടക്കാനാവും. റെയ്ന ടി-20യിൽ ഇന്ത്യക്ക് വേണ്ടി 1605 റൺസ് നേടിയപ്പോൾ ധോണി 1617 റൺസുമായാണ് കരിയർ അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ റൺവേട്ടക്കാരിൽ സഞ്ജുവിന് മികച്ച മുന്നേറ്റം നടത്താനും ഇന്നത്തെ മത്സരത്തിലൂടെ സാധിക്കും.

വിൻഡീസ് പരമ്പരയ്ക്ക് മുമ്പ് നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

അതേസമയം വിൻഡീസിനെതിരയ ആദ്യ ടി-20 മത്സരത്തിൽ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ 32 പന്ത് ബാക്കിനിൽക്കെ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിൽ 43 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് വീശിയത്.

Content Highlight: Sanju Samson waiting for a new milestone in T20

Latest Stories

We use cookies to give you the best possible experience. Learn more