ഇന്ത്യ-അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഐ.പി.എല്ലിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്ന പരമ്പര കൂടിയാണിത്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന് ടി-20യിലെ പുതിയൊരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്.
ടി-20യില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ 50+ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനാണ് സഞ്ജുവിന് അവസരമുള്ളത്. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി അവസാനമായി കളത്തിലിറങ്ങിയ മൂന്ന് മത്സരത്തിലും സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
സഞ്ജു സാംസൺ. Photo: BCCI/x.com
ടി-20 ലോകകപ്പിലായിരുന്നു സഞ്ജു മൂന്ന് അര്‍ധ സെഞ്ച്വറി നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക മത്സരത്തില്‍ പുറത്താവാതെ 97 റണ്‍സ് നേടി തിളങ്ങിയിരുന്നു. പിന്നാലെ സെമി ഫൈനലിലും ഫൈനലിലും സഞ്ജു അര്‍ധ സെഞ്ച്വറി അടിച്ച് ഇന്ത്യന്‍ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും 89 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
അതുകൊണ്ട് തന്നെ അയര്‍ലാന്‍ഡിനെതിരെ ആദ്യ ടി-20യില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയാല്‍ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാം. ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിനും തുടര്‍ച്ചയായി നാല് തവണ 50+ റണ്‍സ് നേടിയിട്ടില്ല.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ എന്നിവരെല്ലാം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ 50+ റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം 2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു.
14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്. ഈ മിന്നും പ്രകടനം അയര്‍ലാന്‍ഡിനെതിരെയും സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Sanju Samson waiting for a new historical record in T20