| Saturday, 10th January 2026, 1:56 pm

T-20 ലോകകപ്പ്; പഠിപ്പിക്കുന്നത് ഒരു ഓവറില്‍ ആറ് സിക്‌സറടിക്കാനോ? യുവിക്കൊപ്പം പരിശീലനത്തില്‍ സഞ്ജു

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി ഏഴിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ ലോകകപ്പിന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളാണ് സഞ്ജുവിന് ലഭിച്ചത്.

അതോടെ ഓപ്പണിങ് പൊസിഷനില്‍ ഇറങ്ങി വെടിക്കെട്ട് പ്രകടനം നടത്താനുള്ള തയ്യാറെടുപ്പും സഞ്ജു നടത്തുന്നുണ്ട്. ഇപ്പോള്‍ താരത്തിന്റെ പരിശീലനത്തോടനുബന്ധിച്ച് നടന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. മുന്‍ ഇന്ത്യന്‍ താരവും വെടിക്കെട്ട് ബാറ്ററുമായ യുവരാജ് സിങ്ങിനൊപ്പം സഞ്ജു പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ബാറ്റിങ്ങില്‍ സഞ്ജുവിന് ഫൂട്ട് വര്‍ക്കിനെ പറ്റി പഞ്ഞുകൊടുക്കുന്ന യുവരാജിനെ കാണാന്‍ സാധിക്കും. ടി-20 യുവരാജിന്റെ ആറ് സിക്‌സര്‍ എന്ന റെക്കോഡിനൊപ്പം എത്താന്‍ സഞ്ജുവിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മാത്രമല്ല ബംഗ്ലാദേശിനെതിരെ ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍ നേടിയ സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ യുവിയുടെ ശിക്ഷണത്തില്‍ സഞ്ജു വൈകാതെ ആറ് സിക്‌സര്‍ പറത്തുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മെന്ററാണ് നിലവില്‍ യുവരാജ്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി 44 ഇന്നിങ്‌സില്‍ നിന്ന് 1032 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികളാണ് താരത്തിന് ഫോര്‍മാറ്റിലുള്ളത്. 25.8 എന്ന ആവറേജും 148.1 എന്ന സ്‌ട്രൈക്ക് റേറ്റും കുട്ടി ക്രിക്കറ്റില്‍ സഞ്ജുവിനുണ്ട്.

ഫെബ്രുവരി ഏഴിന് യുനൈറ്റഡ് സ്റ്റേറ്റ്‌സിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വാംഖഡെയാണ് വേദി. ടൂര്‍ണമെന്റിലുടനീളം സഞ്ജു മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Sanju Samson trains with Yuvraj Singh ahead of 2026 T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more