സിവിൽ സർവീസ് സ്വപ്നം കാണുന്ന 1000 വിദ്യാർത്ഥികൾക്ക് മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ കൈത്താങ്ങ്. ലീഡ് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചുകൊണ്ട് സഞ്ജു സാംസൺ ഫൗണ്ടേഷൻ 1000 വിദ്യാർത്ഥികൾക്കായി യു.പി.എസ്.സി സിവിൽ സർവീസ് പരിശീലനത്തിന് വേണ്ടി സ്കോളർഷിപ്പ് നൽകും. 2026 ലീഡ് ഇന്ത്യ സമ്മിറ്റ് പരിപാടിയിലാണ് ഈ പ്രഖ്യാപനം നടന്നത്.
സിവിൽ സർവീസ് പരിശീലനത്തിനൊപ്പം സ്‌കിൽ ബേസ്ഡ് ലേർണിങ്, മെന്റർഷിപ്പ്, വ്യക്തിത്വ വികസനം, ക്രിട്ടിക്കൽ തിങ്കിങ്, ലീഡർഷിപ് എന്നിവക്കും ഈ പദ്ധതി പ്രാധാന്യം നൽകുന്നുണ്ട്. ഒരു വിദ്യാർത്ഥിയുടെയും സിവിൽ സർവീസ് സ്വപ്നത്തിന് സാമ്പത്തിക പരിമിതികൾ തടസമാവരുത് എന്ന ലക്ഷ്യവുമായാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സഞ്ജുവിന്റെ സ്വദേശമായ വിഴിഞ്ഞവും സമീപ തീരദേശ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും ഈ പദ്ധതി പ്രത്യേക പരിഗണ നൽകും. ഈ പദ്ധതി ഇന്ത്യൻ സിവിൽ സർവീസിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുയർത്താനുള്ള ഒരു പുതിയ ചുവടുവെപ്പാണെന്ന് ലീഡ് ഐ.എ.എസ് അക്കാദമി വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 13 മുതൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലൂടെയാണ് സഞ്ജു വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിയുക.
സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയിൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ല. അയർലാൻഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്.
ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ അഫ്ഗാൻ പരമ്പരയിൽ ഇടം നേടി വമ്പൻ തിരിച്ചുവരവ് നടത്താനാണ് സഞ്ജു തയ്യാറെടുക്കുന്നത്.
Content Highlight: Sanju Samson to provide scholarship to 1000 students aspiring for civil services