ഇന്ത്യക്കെതിരെയുള്ള നാലാം ടി-20യിൽ വെസ്റ്റ് ഇൻഡീസ് 24 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയർത്തിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 19.3 ഓവറിൽ 223 റൺസിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യയുടെ വിജയം നഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് മത്സരശേഷം മലയാളി താരം സഞ്ജു സാംസൺ തുറന്നുപറഞ്ഞു. തിലക് വർമയുടെ വിക്കറ്റ് ആയിരുന്നു മത്സരത്തിലെ വഴിത്തിരിവായതെന്നാണ് മലയാളി താരം പറഞ്ഞത്. തിലത് പുറത്താകുന്നത് വരെ ഈ മത്സരത്തിൽ ഇന്ത്യ ശക്തമായി നിലനിന്നിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.
‘ഞങ്ങൾ 250 റൺസിനടുത്തുള്ള വലിയ സ്കോറാണ് പിന്തുടർന്നത്. അതുകൊണ്ട് ഇന്നിങ്സ് പതുക്കെ മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിച്ചില്ല. ആദ്യ പന്ത് മുതൽ വേഗത്തിൽ റൺസ് നേടേണ്ട സാഹചര്യമായിരുന്നു. എല്ലാവരും അതിനാണ് ശ്രമിച്ചത് തിലകും റെഡ്ഢിയും ബാറ്റ് ചെയ്തിരുന്നപ്പോൾ ഞങ്ങൾക്ക് വിജയ പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ഒരു ഓവറിൽ 12-13 വേണ്ടിയിരുന്നെങ്കിലും മത്സരം ഞങ്ങൾക്ക് കൈവിട്ടു പോയിരുന്നില്ല. തിലക് പുറത്തായതാണ് മത്സരത്തിലെ വഴിത്തിരിവായത്. അപ്പോഴും ഞങ്ങൾ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഓരോ ഓവറിലും 10-20 റൺസ് നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു റെഡ്ഢിയും തിലകും സമ്മർദത്തെ നന്നായി നേരിട്ട് ചെയ്യുകയായിരുന്നു. തിലക് പുറത്താവുന്നത് വരെ മത്സരത്തിൽ ഞങ്ങൾ ശക്തമായി നിലനിന്നിരുന്നു,’ സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു.
മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ 23 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 56 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. 243.48 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്.
സഞ്ജുവിന് പുറമേ ഇന്ത്യക്ക് വേണ്ടി തിലക് വർമ 43 റൺസും നിതീഷ് കുമാർ റെഡ്ഢി 41 റൺസും അഭിഷേക് ശർമ 29 സ്വന്തമാക്കി മികച്ച പ്രകടനം നടത്തിയെങ്കിലും 24 റൺസകലെ ടീമിന് വിജയം നഷ്ടമാവുകയായിരുന്നു.
വിൻഡീസ് ബൗളിങ് നിരയിൽ കീമോ പോൾ അഞ്ച് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഗുഡാഗേഷ് മോട്ടി രണ്ട് വിക്കറ്റും ഷാമർ സ്പ്രിങർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായി.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് വമ്പൻ സ്കോറിലെത്തിയത്. ബാക് ടു ബാക് സിക്സർ പറത്തി നേരിട്ട 50ാം പന്തിൽ പുറത്താകാതെ 102* റൺസാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയിൽ ഒമ്പത് സിക്സും നാല് ഫോറും ഉൾപ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂർത്തിയാക്കിയത്.
ഹോപ്പിന് പുറമെ 26 പന്തിൽ 49* റൺസ് നേടി ഷെർഫേൻ റൂഥർഫോർഡ് മികവ് പുലർത്തി. മത്സരത്തിൽ വിൻഡീസിന് വേണ്ടി 21 റൺസാണ് യുവ ഓപ്പണർ ജുവൽ ആൻഡ്രൂ നേടിയത്. ഷിംറോൺ ഹെറ്റ്മെയർ 12 പന്തിൽ 32 റൺസിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി മടങ്ങി. പിന്നീട് ഇറങ്ങിയ റോവ്മാൻ പവൽ 17 പന്തിൽ 24 റൺസും നേടി.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, അക്സർ പട്ടേൽ എന്നിവർ ഓരോ വീതം വിക്കറ്റ് വീഴ്ത്തി.
ഈ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയാക്കാനും വെസ്റ്റ് ഇൻഡീസിന് സാധിച്ചു. പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 17നാണ് നടക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content Highlight: Sanju Samson talks about Tilak Varma