| Friday, 31st July 2026, 8:53 am

കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തുക അത്ര എളുപ്പമല്ല: സഞ്ജു സാംസണ്‍

സുദേവ് എ

കേരളത്തില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ എത്തണമെങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍. താരങ്ങള്‍ക്ക് വലിയ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ആവശ്യമുണ്ടെന്നാണ് സഞ്ജു പറഞ്ഞത്.

കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ എത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന താരങ്ങളെ അടുത്ത സ്റ്റേജിലേക്ക് കൊണ്ടുവരാന്‍ കൃത്യമായ ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാവണമെന്നും സഞ്ജു വ്യക്തമാക്കി. ഗോള്‍ഡ് 101.3 എഫ്.എമ്മിലൂടെ സംസാരിക്കുകയായിരുന്നു മലയാളി താരം.

‘ഒന്നാമതായി വലിയ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ആവശ്യമുണ്ട്. കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റര്‍ ആവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം നമ്മള്‍ കുറച്ച് ഡെവലപ്പവുന്ന സ്റ്റേറ്റ് ആണ്. അപ്പോള്‍ അവിടെ നിന്നും വരുന്ന പ്ലയേഴ്സിന് മാക്‌സിമം സപ്പോര്‍ട്ട് ഉണ്ടാവണം.

കുറെ താരങ്ങള്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ കളിക്കുന്നുണ്ട് അവരെ അടുത്ത സ്റ്റേജിലേക്ക് കൊണ്ടുവരാന്‍ ഇന്‍ഫാക്‌സ്ട്രെക്ച്ചറിന്റെയും കുറെ ആളുകളുടെ സപ്പോര്‍ട്ടും ഉണ്ടെങ്കില്‍ ഉറപ്പായും താരങ്ങള്‍ വരുമെന്നാണ് എന്റെ വിശ്വാസം,’ സഞ്ജു സാംസണ്‍ ഗോള്‍ഡ് 1013 എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിലെ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനുമുള്ള കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്.

ഇന്ത്യയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടി-20 ലീഗുകള്‍ നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകള്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ കഴിവുള്ള യുവതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ ടൂര്‍ണമെന്റ് സഹായകമാകും.

അതേസമയം കെ.സി.എല്‍ മൂന്നാം സീസണില്‍ സഞ്ജു സാംസണ്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ സഞ്ജു ഇത്തവണ കെ.സി.എല്ലില്‍ കളിക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. സഞ്ജു ഈ സീസണില്‍ ഇല്ലാത്തത് സ്വന്തം മണ്ണില്‍ സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്.

Content Highlight: Sanju Samson talks about the support that should be given to cricketers in Kerala

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more