| Wednesday, 18th November 2026, 12:30 pm

ചെന്നൈക്കെതിരെ വിജയിച്ചാൽ ധോണിക്കൊപ്പം സമയം പങ്കിടാം: സഞ്ജു സാംസൺ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിൽ നിന്നും കളംമൊഴിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം എം.എസ് ധോണി. 2008 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒപ്പമുള്ള ധോണി തന്റെ 18 വർഷം നീണ്ട ഐ.പി.എൽ കരിയറാണ് അവസാനിപ്പിച്ചത്. താരത്തിന്റെ വിരമിക്കൽ ആരാധകരെ ഏറെ നിരാശയിലാക്കുമെങ്കിലും ചെന്നൈയുടെ മെന്ററായി ധോണിയെത്തുന്നത് ആരാധകർക്ക് ആശ്വാസമാകും.

ധോണിയുടെ വിരമിക്കലിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ധോണിയെ കുറിച്ച് മുമ്പ് പറഞ്ഞ രസകരമായ ഒരു വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ധോണിയുടെ കൂടെ സമയം ചെലവഴിക്കാൻ ആവാദ്യമായി അവസരം ലഭിച്ചതിനെ കുറിച്ചായിരുന്നു സഞ്ജു സംസാരിച്ചിരുന്നത്.

2020ൽ ഷാർജയിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ ചെന്നൈയോട് വിജയിച്ചപ്പോഴാണ് തനിക്ക് ധോണിയോട് സംസാരിക്കാൻ അവസരം ലഭിച്ചതെന്നാണ് സഞ്ജു പറഞ്ഞത്. ജിയോ ഹോട്‌സ്റ്റാറിൽ നടന്ന സ്റ്റാർസ് എന്ന പരിപാടിയിൽ ആയിരുന്നു എം.എസ്. ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നത്.

‘എല്ലാ യുവ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെയും പോലെ, ഞാൻ എപ്പോഴും എം.എസ്. ധോണിയുടെ കൂടെ ആയിരിക്കാൻ ആഗ്രഹിച്ചിരുന്നു. സി.എസ്.കെയ്ക്കെതിരെ ഞങ്ങൾ കളിക്കുന്ന എല്ലാ സമയവും, അദ്ദേഹത്തോട് ഇരുന്ന് സംസാരിക്കാനും അദ്ദേഹം കാര്യങ്ങൾ എങ്ങനെ ചെയ്യുന്നുവെന്ന് ചോദിക്കാനും ഞാൻ ആഗ്രഹിച്ചു.

യുവ ക്രിക്കറ്റർമാരുടെ സ്വപ്‌നമാണത്. അദ്ദേഹത്തിന്റെ ഒപ്പം സമയം പങ്കിടാൻ ഞാൻ ഒരു വഴി കണ്ടെത്തി, സി.എസ്.കെയോട് ഒരു ഐ.പി.എൽ മത്സരം വിജയിക്കുകായിരുന്നു അത്. ഷാർജയിൽ നടന്ന ഒരു മത്സരത്തിൽ സി.എസ്.കെയോട് ഞാൻ കുറച്ച് റൺസ് നേടി, മാത്രമല്ല മത്സരത്തിലെ താരവും ഞാൻ ആയിരുന്നു. അന്നുമുതലാണ് അദ്ദേഹത്തോട് കൂടുതൽ അടുക്കുന്നത്,’ സഞ്ജു പറഞ്ഞു.

2020ൽ ഐ.പി.എൽ മത്സരത്തിൽ ചെന്നൈക്കെതിരെ 16 റൺസിന്റെ വിജയമായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ 32 പന്തിൽ 74 റൺസ് നേടിയ സഞ്ജുവായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്.

2026 ഐ.പി.എൽ സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറിയിരുന്നു. രാജസ്ഥാൻ റോയൽസിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങൾക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.

രവീന്ദ്ര ജഡേജ, സാം കറൻ എന്നീ വമ്പൻ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മഞ്ഞക്കുപ്പായത്തിൽ സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.

ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണിൽ സീസണിൽ 14 ഇന്നിങ്‌സിൽ നിന്നും 477 റൺസാണ് സഞ്ജു നേടിയത്. സീസണിൽ രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. ആദ്യ സീസണിൽ തന്നെ ചെന്നൈയുടെ റൺ വേട്ടക്കാരിൽ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്. ധോണിയുടെ പിൻഗാമി എന്ന നിലയിലാണ് മലയാളി താരത്തെ ചെന്നൈ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്.

അതേസമയം 2026 ഐ.പി.എൽ സീസണിൽ ചെന്നൈ ധോണിയെ നിലനിർത്തിയിരുന്നു. എന്നാൽ കാലിനേറ്റ പരിക്ക് കാരണം 45 കാരന് സീസൺ മുഴുവൻ നഷ്ടമായിരുന്നു. 2025ൽ ടീമിലുണ്ടായിട്ടും ധോണി കളത്തിൽ സജീവമായിരുന്നില്ല. 13 ഇന്നിങ്‌സുകളിൽ നിന്ന് 196 റൺസായിരുന്നു അവസാന സീസണിൽ ധോണി നേടിയത്. 24.5 ബാറ്റിങ് ശരാശരിയും 135.17 സ്‌ട്രൈക്ക് റേറ്റുമായികരുന്നു താരത്തിനുണ്ടായിരുന്നത്.

എം.എസ് ധോണി ഇതുവരെയുള്ള ഐ.പി.എൽ കരിയറിൽ 278 മത്സരങ്ങളിൽ നിന്ന് 5439 റൺസാണ് ധോണി നേടിയത്. ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ചെന്നൈയെ ഉയരങ്ങളിലെത്തിക്കാൻ ധോണിക്ക് സാധിച്ചു. അഞ്ച് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂൾ സി.എസ്.കെക്ക് വേണ്ടി രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും സമ്മാനിച്ചിട്ടുണ്ട്.

Content Highlight: Sanju Samson talks about the relationship with M.S Dhoni

We use cookies to give you the best possible experience. Learn more