| Friday, 17th July 2026, 2:25 pm

സഞ്ജു സാംസണ്‍ ഇല്ലാതെയും രാജസ്ഥാന്‍ നന്നായി കളിക്കാന്‍ തയ്യാറാണ്; തുറന്നുപറഞ്ഞ് സഞ്ജു

സുദേവ് എ

2026 ഐ.പി.എല്ലില്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വാപ് ഡീലുകളിലൊന്നിലൂടെയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ ചെപ്പോക്കിലെത്തിച്ചത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ പകരം നല്‍കിയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്.

ഇപ്പോള്‍ രാജസ്ഥാന്‍ വിടാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. 2025 ഐ.പി.എല്‍ കഴിഞ്ഞപ്പോള്‍ പുതിയ യാത്ര തുടങ്ങേണ്ട സമയമായെന്ന് തോന്നിയെന്നാണ് സഞ്ജു പറഞ്ഞത്.

സഞ്ജു സാംസണ്‍ ഇല്ലെങ്കിലും രാജസ്ഥാന്‍ നന്നായി കളിക്കാന്‍ തയ്യാറാണെന്നും താന്‍ സ്വയം ചിന്തിച്ചുവെന്നും മലയാളി താരം വ്യക്തമാക്കി. ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

‘ആര്‍.ആര്‍ വിടുന്നത് എനിക്ക് വളരെ വലിയ തീരുമാനമായിരുന്നു. ഒരുപാട് കാലം ടീമില്‍ കളിക്കുമ്പോള്‍ ഇത് എന്റെ ടീമാണെന്നും ആരും എന്നെ പുറത്താക്കില്ലെന്നും തോന്നും. എന്നാല്‍ ഓരോ താരത്തിനും ഒരു ടീമില്‍ ഒരു നിശ്ചിത സമയം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് എനിക്ക് അറിയാമായിരുന്നു. നമ്മുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിച്ച ശേഷം മുന്നോട്ട് പോവണം.

2025 ഐ.പി.എല്‍ അവസാനിച്ചപ്പോള്‍ ഇനി പുതിയൊരു യാത്ര തുടങ്ങേണ്ട സമയമാണെന്ന് എനിക്ക് തോന്നി. ‘സഞ്ജു സാംസണ്‍ ഇല്ലാതെയും ആര്‍.ആര്‍ നന്നായി കളിക്കാന്‍ തയ്യാറാണ്’ എന്ന് ഞാന്‍ സ്വയം പറഞ്ഞു. അപ്പോഴാണ് ടീം വിടുന്നതിനെക്കുറിച്ച് ഞാന്‍ ഗൗവരവമായി ചിന്തിച്ചത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

2013ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയാണ് സഞ്ജു വരവറിയിച്ചത്. ടീമിന് വിലക്ക് ലഭിച്ച രണ്ട് സീസണുകളില്‍ ദല്‍ഹിക്കായി കളിച്ചതൊഴിച്ചാല്‍ രാജസ്ഥാന്‍ ക്യാമ്പില്‍ സഞ്ജു സ്ഥിരസാന്നിധ്യമായി തുടര്‍ന്നു.

രാജസ്ഥാനായി ബാറ്റെടുത്ത 150 ഇന്നിങ്സില്‍ നിന്നും 4219 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 31.96 ശരാശരിയിലും 140.53 സ്ട്രൈക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം രണ്ട് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും രാജസ്ഥാനായി നേടിയിട്ടുണ്ട്.

ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്റെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. വോണിന് ശേഷം രാജസ്ഥാന്‍ ആദ്യമായി ഐ.പി.എല്ലിന്റെ ഫൈനലില്‍ കടക്കുന്നത് സഞ്ജുവിന്റെ നേതൃത്വത്തിലാണ്.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റനായി 2022ല്‍ ഫൈനല്‍ വരെ മുന്നേറിയെങ്കിലും സഞ്ജുവിന് കിരീടം നഷ്ടമാവുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടാണ് സഞ്ജുവിന് കിരീടം നഷ്ടമായത്.

അതേസമയം ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.

സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.

2026 സീസണില്‍ ഒന്നിലധികം സെഞ്ച്വറി നേടിയത് സഞ്ജു മാത്രമാണെന്നതും ശ്രദ്ധേയമാണ്. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

Content Highlight: Sanju Samson talks about the reason for leaving Rajasthan Royals

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more