| Friday, 26th June 2026, 11:50 am

ക്രിക്കറ്റ് പലിശ സഹിതം എല്ലാം തിരിച്ചു തരുമെന്ന് അദ്ദേഹം പറഞ്ഞു: സഞ്ജു

സുദേവ് എ

ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി മിന്നും പ്രകടനം നടത്താന്‍ സഹായിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വാക്കുകള്‍ എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവുന്ന സമയങ്ങളില്‍ സച്ചിനുമായി നടത്തിയ സംഭാഷണം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകമായെന്നാണ് സഞ്ജു പറഞ്ഞത്.

ക്രിക്കറ്റിനോട് നൂറ് ശതമാനം ഡെഡിക്കേഷന്‍ കാണിച്ചാല്‍ എപ്പോഴെങ്കിലും അത് പലിശ സഹിതം തിരിച്ചു തരുമെന്നായിരുന്നു സച്ചിന്റെ വാക്കുകളെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. ടെന്നീസ് ഇതിഹാസം രോഹന്‍ ബൊപ്പണ്ണക്കൊപ്പമുള്ള അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയിലെ ഒരു ഇതിഹാസത്തില്‍ നിന്നും എനിക്ക് ലഭിച്ച വലിയ പിന്തുണ സച്ചിന്‍ സാറില്‍ നിന്നുമാണ്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതിരുന്ന സമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തോട് ഉപദേശം തേടി. ഞാന്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും എനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

സഞ്ജു ഞാന്‍ വളരെ കാലമായി ഈ ഗെയിമിന്റെ ഭാഗമാണ്. എന്റെ കരിയറില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു കാര്യം എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. നീ ഈ കളിയോട് നൂറ് ശതമാനം ഡെഡിക്കേഷന്‍ കാണിക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയൂം ചെയ്താല്‍ ക്രിക്കറ്റ് നിനക്ക് എപ്പോഴെങ്കിലും അത് പലിശ സഹിതം തിരിച്ചു തരും എന്നായിരുന്നു സച്ചിന്‍ സാര്‍ എന്നോട് പറഞ്ഞത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.

ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 കിരീടം ചൂടിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യക്ക് സാധിച്ചു.

Content Highlight: Sanju Samson talks about Sachin Tendulker words how inspired him

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more