| Tuesday, 28th July 2026, 6:43 am

ലോകകപ്പില്‍ അവന്‍ നല്‍കിയ സംഭാവനകള്‍ മറക്കാന്‍ സാധിക്കില്ല: സഞ്ജു

സുദേവ് എ

2026 ടി-20 ലോകകപ്പ് വിജയത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പില്‍ ഇന്ത്യക്കായി സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്നാണ് സഞ്ജു പറഞ്ഞത്.

ഇഷാന്‍ കിഷന്റേയും ജസ്പ്രീത് ബുംറയുടെയും ലോകകപ്പിലെ പ്രകടനങ്ങളെയും സഞ്ജു ഓര്‍മിച്ചു. ബുംറ നല്‍കിയ സംഭാവനകള്‍ മറക്കാന്‍ സാധിക്കില്ലെന്നും ഇംഗ്ലണ്ടിനെതിരെയും ഫൈനലിലും ബുംറയുടെ പ്രകടനം ഏറെ നിര്‍ണായകമായെന്നും സഞ്ജു വ്യക്തമാക്കി. ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മലയാളി താരം.

‘എല്ലാവര്‍ക്കും ഒപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചത് എനിക്ക് വളരെ സന്തോഷമായി. ഇഷാനും മികച്ച പ്രകടനം കാഴ്ചവച്ചു. ബുംറയുടെ സംഭാവനകള്‍ നമുക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹം ടീമിന് വലിയ ശക്തിയാണ്. ബുംറ ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ മറികടക്കാന്‍ സാധിക്കുമായിരുന്നില്ല. ഫൈനല്‍ മത്സരത്തില്‍ അദ്ദേഹം നല്‍കിയ തുടക്കം വിജയത്തില്‍ നിര്‍ണായകമായി. എല്ലാവരും തങ്ങളുടെ പങ്ക് മികച്ച രീതിയില്‍ നിര്‍വഹിച്ചു. എനിക്കും ടീമിനായി സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

ടി-20 ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയത്തില്‍ ബുംറ നിര്‍ണായകമായത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തി കിരീടം ചൂടിയ പോരാട്ടത്തിലും ബുംറ ബൗളിങ്ങില്‍ തിളങ്ങി നിന്നു.

2026 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: Shebas/x.com

നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. കലാശപോരാട്ടത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതും ബുംറ തന്നെയാണ്.

ടൂര്‍ണമെന്റില്‍ സഞ്ജുവും മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

സഞ്ജു സാംസൺ

പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാൻഡിനെതിരെയും 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്.

Content Highlight: Sanju Samson talks about Jasprit Bumrah’s performances in the T20 World Cup 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more