| Tuesday, 14th July 2026, 10:44 am

ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെടാനുള്ള കാരണം അതാണ്: സഞ്ജു

സുദേവ് എ

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ 56 റണ്‍സിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെടുന്ന രണ്ടാമത്തെ പരമ്പരയാണിത്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയിലും ഇന്ത്യ അയ്യരുടെ കീഴില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ഈ പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിക്കാത്തതാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് സഞ്ജു പറഞ്ഞത്. വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു മലയാളി താരം. ചെറുപ്പം മുതലേ ടെന്നീസിനോടുള്ള ആരാധനയെക്കുറിച്ചും സഞ്ജു സംസാരിച്ചു.

‘ഇവിടെ വരാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങള്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചു. ചിലപ്പോള്‍ നമ്മുടെ പ്രകടനം പ്രതീക്ഷിച്ചത് പോലെയാവില്ല. പ്രായവും ഒരു കാരണമാവാം. ടീമിന്റെ പ്രകടനത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ക്രിക്കറ്റില്‍ ഇത്തരത്തിലുള്ള തോല്‍വികള്‍ സാധാരണമാണ്. അതില്‍ വിഷമിക്കാനൊന്നുമില്ല. ഞാന്‍ ചെറുപ്പം മുതലേ ടെന്നീസിന്റെ വലിയ ആരാധകനാണ്. എന്റെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് വിംബിള്‍ഡണ്‍ മത്സരങ്ങള്‍ കാണുന്നത് പതിവായിരുന്നു,’ സഞ്ജു സാംസണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. മഴമൂലം ഉപേക്ഷിക്കപ്പെട്ട ആദ്യ മത്സരത്തില്‍ ഏഴ് പന്തില്‍ ഒരു റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ഇതിന് പിന്നാലെ പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിച്ചില്ല.

വൈഭവ് സൂര്യവംശിയായിരുന്നു മലയാളി താരത്തിന് പകരം ടീമിലെത്തിയത്. എന്നാല്‍ വൈഭവിനും തിളങ്ങാന്‍ സാധിക്കാതെ പോയതോടെ സഞ്ജു പരമ്പരയിലെ അവസാന മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തി. തിരിച്ചുവരവില്‍ 14 പന്തില്‍ 27 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: Sanju Samson talks about India’s T20 series loss against England

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more