| Monday, 17th August 2026, 10:45 pm

കേരള താരങ്ങളെ കുറിച്ച് അവർ ചർച്ച ചെയ്യുന്നത് വലിയ സന്തോഷമാണ്: സഞ്ജു

സുദേവ് എ

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. കെ.സി.എല്‍ മൂന്നാം സീസണിന്റെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങ് ഇന്നാണ് നടന്നത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഐക്കണായാണ് സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗ് യുവ താരങ്ങളെ എത്രത്തോളം ദേശീയ തലത്തില്‍ ശ്രദ്ധ നേടാന്‍ സഹായിച്ചുവെന്നതിനെക്കുറിച്ച് സംസാരിച്ചു.

ഐ.പി.എല്ലിന്റെ ഭാഗമായി പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുമ്പോള്‍ അവിടെയുള്ള താരങ്ങളും പരിശീലകരുമെല്ലാം കേരളത്തിലെ താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതതില്‍ വലിയ സന്തോഷം ഉണ്ടെന്നാണ് സഞ്ജു പറഞ്ഞത്.

‘ഐ.പി.എല്‍ ടൂര്‍ണമെന്റുകളുടെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുമ്പോള്‍ അവിടെയുള്ള പരിശീലകരും മറ്റു താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടാവാറുണ്ട്’, സഞ്ജു സാംസണ്‍ പറഞ്ഞു.

അതേസമയം നാട്ടിലുള്ള താരങ്ങള്‍ എങ്ങനെയുണ്ടെന്ന് ആളുകള്‍ തന്നോട് ചോദിക്കാറുണ്ടെന്നും സഞ്ജു അടുത്തിടെ മീഡിയ വണ്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഉറപ്പായും, കഴിഞ്ഞ വര്‍ഷം തന്നെ കുറച്ചുകൂടി നല്ല ആളുകള്‍ ട്രെയല്‍സില്‍ പോവുകയും. കുറെ ആളുകള്‍ കണ്ണുവെക്കുന്നുണ്ടായിരുന്നു കെ.സി.എല്ലിനെയും കെ.സി.എല്ലില്‍ കളിക്കുന്ന പ്ലെയേഴ്‌സിനെയും. ഇത് വലിയൊരു ഫ്ലാറ്റ്ഫോം തന്നെയാണ്. കുറെ ആളുകള്‍ കാണുന്നുണ്ട്.

കേരള ക്രിക്കറ്റിന്റെ ടാലന്റ് നല്ല രീതിയില്‍ പുറത്ത് വരുന്നുണ്ട്. എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലം തന്നെയാണ് കേരള ക്രിക്കറ്റ്. അപ്പോള്‍ അവിടെത്തെ ക്രിക്കറ്റേഴ്സിനോടുള്ള ടാലന്റും പൊട്ടന്‍ഷ്യലും ഭയങ്കര ഹൈയാണ്. നാട്ടിലെ പ്ലെയേഴ്സ് എങ്ങനെയാണെന്ന് എല്ലാവരും ചോദിക്കാറുണ്ട്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

ഇത്തവണ സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ല. ഈ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു ലേലത്തില്‍ പങ്കെടുത്തുകൊണ്ട് മറ്റൊരു ടീമിനായി കളത്തിലിറങ്ങുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ സഞ്ജു ഈ സീസണില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത് സ്വന്തം മണ്ണില്‍ താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.

ഇന്ത്യയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടി-20 ലീഗുകള്‍ നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകള്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ കഴിവുള്ള യുവതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ ടൂര്‍ണമെന്റ് സഹായകമാകും.

Content Highlight: Sanju Samson talks about how the Kerala Cricket League helps young players

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more