അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റുകള്‍ക്ക് അഫ്ഗാനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും പരമ്പര വിജയം.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍താരം സഞ്ജു സാംസണാണ്. 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 259.09 എന്ന തകര്‍പ്പന്‍ സ്‌െ്രെടക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.
മത്സരശേഷം തന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിനെക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീറില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ തനിക്ക് ഒരുപാട് സഹായകമായെന്നാണ് സഞ്ജു പറഞ്ഞത്.
‘ഇംഗ്ലണ്ടിലായാലും ഇവിടെ ആയാലും ഗൗതം ഗംഭീറിയില്‍ നിന്നും ലഭിച്ച ആശയവിനിമയം വളരെയധികം സഹായകമായി. മത്സരങ്ങള്‍ ബുദ്ധിമുട്ടാവുമെന്ന് അറിയാമായിരുന്നു. എങ്കിലും ടീമിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. പുറത്തുനിന്നുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനായി പലപ്പോഴും ഞാന്‍ എന്റെ വൈഫൈ ഓഫ് ചെയ്യാറുണ്ട്’, സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞു.
മത്സരത്തില്‍ പതുക്കെ തുടങ്ങി പിന്നീട് അതിവേഗം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്. അന്താരാഷ്ട്ര ടി20 തന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയാണ് സഞ്ജു മത്സരത്തില്‍ അടിച്ചെടുത്തത്. 20 പന്തിലാണ് സഞ്ജു അഫ്ഗാനെതിരെ 50 കടന്നത്.
മത്സരത്തില്‍ സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ 19 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇഷാന്‍ കിഷന്‍ 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സും നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അയ്യര്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ തിലക് 15 റണ്‍സ് നേടി.
അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ്. ആറ് ഫോര്‍ ഉള്‍പ്പെടെ 33 പന്തില്‍ 37 റണ്‍സ നേടിയാണ് താരം നേടിയത്.
അവസാന ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തിയത് റാഷിദ് ഖാനാണ്. 16 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. 15 പന്തില്‍ 26 റണ്‍സ് നേടിയ ഡാര്‍വിഷ് റസൂലിയും മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ ഓരോ വിക്കറ്റും നേടി.
സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മൂന്നാം ടി20യും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് ആശ്വാസവിജയം നേടി മടങ്ങാനാവും അഫ്ഗാന്‍ ഇറങ്ങുക.
Content Highlight: Sanju Samson talks about how Gautam Gambhir helped with his comeback