| Sunday, 5th July 2026, 9:01 pm

അവന് പരിക്ക് പറ്റിയതോടെയാണ് എനിക്ക് അവസരം ലഭിച്ചത്: സഞ്ജു

സുദേവ് എ

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ മത്സരം കളിച്ചതിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്. ദിഷാന്ത് യാഗ്‌നിക്കെന്ന താരത്തിന്റെ പരിക്കേറ്റതിന് പിന്നാലെയാണ് തനിക്ക് രാജസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ ആദ്യമായി അവസരം ലഭിച്ചതെന്നാണ് സഞ്ജു പറഞ്ഞത്.

അടുത്ത മത്സരത്തില്‍ ദിഷാന്ത് ഫിറ്റായി തിരിച്ചെത്തിയെന്നും പിന്നീടുള്ള മത്സരത്തില്‍ തനിക്ക് അവസരം നഷ്ടമായെന്നും സഞ്ജു പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സില്‍ ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് സഞ്ജു രാജസ്ഥാനിലെ പഴയ കാലത്തെക്കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ എല്ലാ ദിവസവും രാഹുല്‍ സാറുമായി സംസാരിക്കുമായിരുന്നു. ഒരു ചെറിയ ഡയറി ഉണ്ടയായിരുന്നു എനിക്ക്. ഞാന്‍ അതില്‍ കുറിപ്പുകള്‍ എഴുതുകയും അത് നോക്കി പരിശീലനം നടത്തുകയും ചെയ്യുമായിരുന്നു. ഭാഗ്യവശാള്‍ ദിഷാന്ത് യാഗ്‌നിക്ക് പരിക്ക് പറ്റിയതോടെ എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചു. ആ മത്സരത്തില്‍ ഞാന്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍ അടുത്ത മത്സരത്തിന് മുമ്പായി അദ്ദേഹം ഫിറ്റായി തിരിച്ചെത്തിയതോടെ ഞാന്‍ വീണ്ടും ടീമില്‍ നിന്നും പുറത്തായി,’ സഞ്ജു സാംസണ്‍ പറഞ്ഞു.

2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായ സഞ്ജു 2013ലാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. ആ സീസണില്‍ കളിച്ച 11 മത്സരത്തിലെ പത്ത് ഇന്നിങ്സില്‍ നിന്നും 206 റണ്‍സാണ് സഞ്ജു നേടിയത്. 115.73 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജു റണ്‍സ് നേടിയത്.

ആദ്യ സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ തേടി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവുമെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് സീസണുകളില്‍ രാജസ്ഥാനൊപ്പം ബാറ്റേന്തിയ സഞ്ജു 2016ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് തട്ടകം മാറ്റിയിരുന്നു. ദല്‍ഹിയിലെ രണ്ട് സീസണിന് ശേഷം താരം വീണ്ടും രാജസ്ഥാനിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

രാജസ്ഥാനായി ബാറ്റെടുത്ത 150 ഇന്നിങ്‌സില്‍ നിന്നും 4219 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 31.96 ശരാശരിയിലും 140.53 സ്‌ട്രൈക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം രണ്ട് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും രാജസ്ഥാനായി നേടിയിട്ടുണ്ട്.

ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്റെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. വോണിന് ശേഷം രാജസ്ഥാന്‍ ആദ്യമായി ഐ.പി.എല്ലിന്റെ ഫൈനലില്‍ കടക്കുന്നത് സഞ്ജുവിന്റെ നേതൃത്വത്തിലാണ്.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റനായി 2022ല്‍ ഫൈനല്‍ വരെ മുന്നേറിയെങ്കിലും സഞ്ജുവിന് കിരീടം നഷ്ടമാവുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടാണ് സഞ്ജുവിന് കിരീടം നഷ്ടമായത്.

രാജസ്ഥാനൊപ്പമുള്ള നീണ്ട വര്‍ഷക്കാലത്തെ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഈ സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ ചെന്നൈക്കായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.

സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.

ഈ സീസണില്‍ ഒന്നിലധികം സെഞ്ച്വറി നേടിയത് സഞ്ജു മാത്രമാണെന്നതും ശ്രദ്ധേയമാണ്. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

Content Highlight: Sanju Samson talks about his debut match for Rajasthan Royals in IPL

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more