2026 ടി-20 ലോകകപ്പിന് മുമ്പ് മോശം ഫോമിലൂടെ കടന്നുപോയ സമയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് സഞ്ജു സംസാരിച്ചത്. സ്വന്തം തട്ടകമായ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ കളിക്കാന്‍ വന്നപ്പോഴുള്ള അനുഭവമായിരുന്നു മലയാളി താരം പങ്കുവെച്ചത്.
നാട്ടുകാര്‍ സ്റ്റേഡിയം മുഴുവന്‍ താന്‍ സെഞ്ച്വറി നേടുമെന്നും എന്നാല്‍ അന്ന് താന്‍ പൂജ്യത്തിന് പുറത്തായിയെന്നും സഞ്ജു പറഞ്ഞു. ലീഡ് ഇന്ത്യ സമ്മിറ്റ് 2026 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘നമ്മള്‍ ആദ്യം മനസിലാക്കണം നമ്മള്‍ തോറ്റിട്ടുണ്ട്, നമ്മള്‍ ചെയ്തത് ശരിയായിട്ടില്ല. നേരത്തെ ഞാന്‍ പറഞ്ഞത് പോലെ ഞാന്‍ രണ്ട് പ്രാവശ്യം ഔട്ടായി, മൂന്ന് പ്രാവശ്യം ഔട്ടായി. ഞാന്‍ ട്രിവാന്‍ഡ്രത്ത് കളിക്കാന്‍ വന്നപ്പോള്‍ എന്റെ നാട്ടുകാര്‍ സ്റ്റേഡിയം മുഴുവന്‍ എന്റെ പേര് വിളിച്ചു പറഞ്ഞു. സഞ്ജു ഇന്നും നൂറടിക്കും ഇന്നും നൂറടിക്കുമെന്ന്. ഞാന്‍ വന്ന ഉടനെ മുട്ടയില്‍ ഔട്ടായി വീട്ടില്‍ കയറിപ്പോയി. അപ്പോള്‍ ഫെയ്ലിയറിൽ നിന്നും തിരിച്ചുവരണമെങ്കില്‍ ഒരു നോര്‍മല്‍ സംഭവമല്ല. ഇതില്‍ നിന്നും തിരിച്ചുവരാന്‍ ഞാന്‍ ഒരു മൂന്ന് നാല് ദിവസമെടുത്തു,’ സഞ്ജു സാംസണ്‍ പറഞ്ഞു.
ന്യൂസിലാന്‍ഡ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയ സഞ്ജു 2026 ടി-20 വേള്‍ഡ് കപ്പില്‍ അവസരം ലഭിച്ചപ്പോള്‍ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു,
നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.
Content Highlight: Sanju Samson talks about his poor performance ahead of the 2026 T20 World Cup