| Wednesday, 26th August 2026, 2:03 pm

എപ്പോഴും ഞാൻ തന്നെ കളിക്കണമെന്ന വാശിയില്ല: തുറന്നുപറഞ്ഞ് സഞ്ജു

സുദേവ് എ

ക്രിക്കറ്റിൽ ഇനി തന്റെ മുന്നിലുള്ള ലക്ഷ്യം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. കൂടുതൽ മുന്നോട്ട് കാര്യങ്ങൾ ആലോചിക്കാതെ വരാനിരിക്കുന്ന അടുത്ത ടൂർണമെന്റിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് സഞ്ജു പറഞ്ഞത്. ടീമിൽ അവസരം ലഭിക്കാത്ത സാഹചര്യങ്ങളെക്കുറിച്ചും സഞ്ജു സംസാരിച്ചു.

എല്ലായ്പ്പോഴും താൻ തന്നെ കളിക്കണമെന്ന വാശി ഇപ്പോൾ തനിക്കില്ലെന്നും അവസരം ലഭിക്കുമ്പോൾ മാത്രം കളിക്കാനാണ് തീരുമാനമെന്നുമാണ് സഞ്ജു പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മലയാളി സൂപ്പർ താരം.

‘ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. ഫിറ്റ്നസ് മെച്ചപ്പെടുത്തിയിരിക്കാനാണ് ശ്രമിക്കുന്നത്. ലഭിക്കുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തണം. കെ.സി.എൽ, കേരള ക്രിക്കറ്റ് ടീം, ഏഷ്യൻ ഗെയിംസ്, ലോകകപ്പ്‌ എല്ലാത്തിലും ഒരുപോലെയുള്ള ഉത്തരവാദിത്തമാണ് ഉള്ളത്. എവിടെ കളിച്ചാലും ടീമിനെ വിജയിപ്പിക്കുക എന്നത് മാത്രമാണ് ചിന്തിക്കുന്നത്.

കൂടുതൽ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാതെ ഇപ്പോൾ അടുത്ത ടൂർണമെന്റിനെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. അവസരം ലഭിച്ചാൽ കളിക്കുക, അല്ലെങ്കിൽ കളിക്കാതിരിക്കുക ഇപ്പോൾ അതിനെക്കുറിച്ച് മനസിലാക്കാനുള്ള പക്വതയുണ്ട്. എപ്പോഴും ഞാൻ തന്നെ കളിക്കണമെന്ന വാശിയില്ല,’ സഞ്ജു സാംസൺ പറഞ്ഞു.

സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അയർലാൻഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്.

ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു കളത്തിൽ ഇറങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. 2026 ടി-20 ലോകകപ്പിൽ നിർണായകമായ പ്രകടനം നടത്തിയ സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത് ആരാധകരിലും അമ്പരപ്പാണ് ഉണ്ടാക്കിയിരുന്നത്. എങ്കിലും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്.

Content Highlight: Sanju Samson talks about his future in cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more