| Wednesday, 6th May 2026, 6:46 am

സെഞ്ച്വറി നേടാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും അവനോട് ഞാനത് പറഞ്ഞില്ല: സഞ്ജു സാംസണ്‍

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു. മറുഭാഗത്ത് എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ദല്‍ഹി.

മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

മത്സരശേഷം തന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിനെക്കുറിച്ച് സഞ്ജു സംസാരിക്കുകയും ചെയ്തു. മത്സരത്തില്‍ സെഞ്ച്വറി നേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സഞ്ജു പറഞ്ഞത്. മറുഭാഗത്ത് കാര്‍ത്തിക് ശര്‍മ മികച്ച രീതിയിലാണ് കളിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

‘സെഞ്ച്വറികള്‍ എപ്പോഴും പ്രത്യേകതയുള്ളതാണ്. സെഞ്ച്വറി നേടണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ ആ സെഞ്ച്വറിയില്‍ എത്താന്‍ ഞാന്‍ അല്പം സാര്‍ത്ഥനാകേണ്ടി വരും. കാര്‍ത്തിക് നന്നായി കളിക്കുന്നുണ്ടായിരുന്നു. അതിനാല്‍ അവനോട് സിംഗിള്‍ തരണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മത്സരം ജയിക്കുന്നത് കാണുമ്പോള്‍ കൂടുതല്‍ സന്തോഷം നല്‍കും. കുറച്ച് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. എനിക്ക് സെഞ്ച്വറി നേടാന്‍ കഴിയുമോയെന്ന് നോക്കാം,’ സഞ്ജു സാംസണ്‍ പറഞ്ഞു.

സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മ 31 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടിയാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്‌വിയും ട്രിസ്റ്റണ്‍ സ്റ്റബ്സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്‌വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.

സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജ്‌നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗദരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മെയ് 10ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson Talks About His Brilliant Innings Against Delhi Capitals  in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more