| Saturday, 10th October 2026, 7:05 am

ഞാൻ എന്നെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്: തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസ് ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ വിൻഡീസ് മറികടക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ തിരിച്ചുവരവിനാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ 41 പന്തിൽ 82 റൺസാണ് സഞ്ജു അടിച്ചെടുത്തത് ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരത്തിനിടെ മോശം പ്രകടനങ്ങളിലൂടെ കടന്നുപോവുന്നതിനെക്കുറിച്ച് സഞ്ജു സംസാരിക്കുകയും ചെയ്തിരുന്നു. റൺസ് നേടാൻ കഴിയാത്തതിൽ തന്നെ സ്വയം കുറ്റപ്പെടുത്തുന്നുവെന്നാണ് സഞ്ജു പറഞ്ഞത്. ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കം നൽകുകയാണ് തന്റെ ലക്ഷ്യമെന്നും മലയാളി താരം വ്യക്തമാക്കി.

‘എന്റെ രാജ്യത്തിനായി മികച്ച തുടക്കം നൽകുകയെന്നതാണ് എന്റെ ലക്ഷ്യം, അതിന് വേണ്ടി ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഞാൻ പുറത്താവുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഞാൻ തന്നെ ഏറ്റെടുക്കും. റൺസ് നേടാൻ സാധിക്കാത്തതിന് ഞാൻ എന്നെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. മറ്റാരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കായി കളിക്കുമ്മ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് താരമെന്ന നിലയിൽ കളിയിൽ പൂർണ ശ്രദ്ധ നൽകണം. നന്നായി തയ്യാറെടുക്കുകയും പരിശീലിക്കുകയും ചെയ്യണം. നമ്മുടെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം’ സഞ്ജു സാംസൺ മാധ്യമങ്ങളോട് പറഞ്ഞു.

വിൻഡീസ് പരമ്പരയ്ക്ക് മുമ്പ് നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

അതേസമയം മത്സരത്തിൽ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെർഫാൻ റൂഥർഫോർഡിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ഇന്ത്യയുയർത്തിയ റൺമല മറികടന്നത്.

37 പന്തിൽ ഏഴ് വീതം സിക്‌സറും ഫോറുമായി 227.03 സ്‌ട്രൈക് റേറ്റിൽ 84 റൺസാണ് റൂഥർഫോർഡ് അടിച്ചെടുത്തത്. ഷായ് ഹോപ്പ് 45 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്നു. അവസാന 12 പന്തിൽ വിജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ അക്‌സർ പട്ടേലിനെ രണ്ട് സിക്‌സറിന് പറത്തി ഹോപ്പ് സെഞ്ച്വറിയും ഒപ്പം ടീമിന്റെ വിജയവും ഉറപ്പാക്കുകയായിരുന്നു.

Content Highlight: Sanju Samson talks about his batting performance in T20I

We use cookies to give you the best possible experience. Learn more