ഐ.പി.എല്‍ 2026ല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജീവന്‍ മരണ പോരാട്ടമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തി പ്ലേ ഓഫ് യോഗ്യത നേടണമെങ്കില്‍ തങ്ങള്‍ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കേണ്ടത് നിര്‍ണായകമാണെന്ന് സഞ്ജു പറഞ്ഞു. ഒരു ടീം എന്ന നിലയില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്, അവ രണ്ടും ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടങ്ങളാണ്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തി പ്ലേ ഓഫ് യോഗ്യത നേടണമെങ്കില്‍ ഞങ്ങള്‍ക്ക് ആ രണ്ട് മത്സരങ്ങളും വിജയിക്കണം.
നിലവിലെ ഏറ്റവും പോസിറ്റീവ് ആയ കാര്യം, യോഗ്യത നേടാനുള്ള സാധ്യതകള്‍ ഇപ്പോഴും ഞങ്ങളുടെ സ്വന്തം കൈകളില്‍ തന്നെയാണ് എന്നതാണ്. ഈ രണ്ട് കളികള്‍ ജയിച്ചാല്‍ ഞങ്ങള്‍ക്ക് ക്വാളിഫൈ ചെയ്യാം. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് അതിന് സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഞങ്ങളുടെ സപ്പോര്‍ട്ടര്‍മാര്‍ക്ക് വേണ്ടി സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും,’ സഞ്ജു സാംസണ്‍ പറഞ്ഞു.
സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
അതേസമയം ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മെയ് 18നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍. നിലവില്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിലാണ് ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. ചെന്നൈയ്ക്ക് വേണ്ടി സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 450 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.
Content Highlight: Sanju Samson Talking About Playoff Possibilities In IPL 2026