| Tuesday, 19th August 2025, 11:03 am

പൂജ്യങ്ങളൊന്നും കാര്യമാക്കുന്നില്ല, റിസ്‌ക് കൂടുതലുള്ള ബാറ്റിങ് സ്റ്റൈലാണ്: തുറന്ന് പറഞ്ഞ് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബംര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് മുംബൈയില്‍ ചേരുന്ന പ്രസ് മീറ്റില്‍ പ്രഖ്യാപിക്കും.

ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരിക്കും പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏതെല്ലാം താരങ്ങളെയാണ് ഇന്ത്യ തങ്ങളുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകരും. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും സ്‌ക്വാഡില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ്.

ഇന്ത്യക്കായി വീണ്ടും കളിക്കാന്‍ കാത്തിരിക്കുകയാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാത്രമല്ല കെ.സി.എല്‍ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. ടൂര്‍ണമെന്റില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടിയാണ് സഞ്ജു കളത്തിലിറങ്ങുന്നത്. സഹോദരന്‍ സാലി സാംസനാണ് ടീമിന്റെ ക്യാപ്റ്റന്‍.

കേരള ക്രിക്കറ്റ് ലീഗ് കേരളത്തിലെ താരങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്നും വിഘ്‌നേഷ് പുത്തൂരിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഇനി ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ആളുകളുടെ പിന്തുണ വേണമെന്നും സഞ്ജു പറഞ്ഞു.

ഐ.പി.എല്‍ ടീം മാറ്റവുമായി ബന്ധപ്പെട്ട പല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നാണ് സഞ്ജു പ്രതികരിച്ചത്. രാജസ്ഥാനില്‍ നിന്ന് മാറാന്‍ സഞജു ആഗ്രഹിച്ചിരുന്നു എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് അടക്കമുള്ള താരങ്ങള്‍ സഞ്ജുവിനായി രംഗത്തുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

‘നാട്ടില്‍ ഇതുപോലൊരു ടൂര്‍ണമെന്റ് നടക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരു നാട്ടില്‍ നിന്ന് ഇനിയും ഒരുപാട് താരങ്ങള്‍ ഐ.പി.എല്ലിലേക്കും ഇന്ത്യന്‍ ടീമിലേക്കും എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്റെ കോണ്‍ട്രിബ്യൂഷന്‍ അവരോടൊത്ത് സമയം സ്‌പെന്‍ഡ് ചെയ്യുന്നതും, സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ ടൂര്‍ണമെന്റ് അത്രയും നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്.

വിഘ്‌നേഷിനെ പോലുള്ള താരങ്ങള്‍ ഐ.പി.എല്‍ കളിച്ചു, താരങ്ങള്‍ ഇനിയും കളിക്കണം. അടുത്ത വിഘ്‌നേഷിനെ ക്രിയേറ്റ് ചെയ്യുന്നതിനോടൊപ്പം വിഘ്‌നേഷിനെ ഇന്ത്യന്‍ ടീമില്‍ എത്തിക്കാനും പിന്തുണ നല്‍കണം.

ഇന്ത്യക്കുവേണ്ടി ഇറങ്ങിയിട്ട് നാല് മാസത്തോളമായി ഏഷ്യാകപ്പില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്. പൂജ്യങ്ങളൊന്നും കാര്യമാക്കുന്നില്ല, പെര്‍ഫോമന്‍സ് ചെയ്തു തുടങ്ങിയാല്‍ നല്ല ഫോമില്‍ എത്താന്‍ പറ്റും. കുറച്ച് റിസ്‌ക് കൂടുതല്‍ ഉള്ള സ്‌റ്റൈല്‍ ഓഫ് ബാറ്റിങ് ആണ്, ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും,’ സഞ്ജു പറഞ്ഞു.

Content Highlight: Sanju Samson Talking About His Performance And Asia Cup

We use cookies to give you the best possible experience. Learn more