ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ലെന്നും ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ഒരുപാട് സങ്കടപ്പെട്ടുവെന്നും ഇന്ത്യന്‍ ഓപ്പണറും മലയാളിയുമായ സഞ്ജു സാംസണ്‍. കിവീസ് പരമ്പരയ്ക്ക് ശേഷം ടീമിനോടൊപ്പം ലഭിച്ച ഏഴ് ദിവസങ്ങളില്‍ പ്രാക്ടീസ് ചെയ്‌തെന്നും അടുത്ത അവസരം കിട്ടിയാല്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘ കഴിഞ്ഞ ന്യൂസിലാന്‍ഡ് സീരീസ് മോശമായിരുന്നു. ടീമില്‍ നിന്ന് പുറത്ത് പോയപ്പോള്‍ ഒരുപാട് സങ്കടപ്പെട്ടിരുന്നു. എല്ലാം അനുഭവിച്ച ശേഷം ടീമിന്റെ കൂടെ ഒരു ഏഴ് ദിവസം ലഭിച്ചിരുന്നു. ആ ദിവസങ്ങളില്‍ വെറുതെ ഇരിക്കാതെ ബാറ്റിങ് പ്രാക്ടീസിനും മെന്റല്‍ വര്‍ക്കൗട്ടിനും പോകും.
ന്യൂസിലാന്‍ഡ് സീരീസില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലല്ലോയെന്ന് ഞാന്‍ ആലോചിക്കും, അടുത്ത അവസരം കിട്ടിയാല്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കും. എനിക്ക് സക്‌സസിനേക്കാള്‍ കൂടുതല്‍ കിട്ടിയത് ഫെയ്‌ലിയര്‍സാണ്. ആ ഫെയ്‌ലിയര്‍സില്‍ നിന്ന് തിരിച്ചുവരാനുള്ള ഒരു പാഠം ഞാന്‍ പഠിച്ചു,’ സഞ്ജു പറഞ്ഞു.
സഞ്ജു സാംസണ്‍.
അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.
Content Highlight: Sanju Samson Talking About His Bad Times Ahead T20 World Cup 2026