ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ അവതാരകന്‍ അഭിഷേകിനെ തീയും സഞ്ജുവിനെ ഐയുമായും താരതമ്യപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള സഞ്ജുവിന്റെ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ഞങ്ങള്‍ ഐസും തീയുമല്ല, തീയും തീയുമാണ്. ചിലപ്പോള്‍ അദ്ദേഹം ബാറ്റിങ്ങില്‍ തീയാകും ചിലപ്പോള്‍ ഞാനും. 2024 ലോകകപ്പ് മുതല്‍ ഞങ്ങള്‍ക്ക് ആ കോമ്പിനേഷന്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് മത്സരങ്ങളുടെ മധ്യത്തില്‍ ഒരു കേരള-പഞ്ചാബി സൗഹൃദവുമുണ്ട്. ഞങ്ങള്‍ എല്ലാത്തിനെയും സാധരണ രീതിയിലാണ് എടുക്കാറുള്ളത്, ഞങ്ങള്‍ക്ക് കാര്യങ്ങള്‍ അത്ര സങ്കീര്‍ണമല്ല.
സഞ്ജു സാംസണും അഭിഷേക് ശര്‍മയും 2026 ടി-20 ലോകകപ്പ് ഫൈനലില്‍ ബാറ്റ് ചെയ്യുന്നതിനിടയില്‍ Photo: Sportskeeda
അദ്ദേഹം എന്നോട് പന്തെങ്ങനെയാണ് വരുന്നതെന്ന് ചോദിക്കും, ഞാന്‍ പറയും പന്ത് സാധാരണ പോലെയാണ് വരുന്നത് അടിച്ചോ എന്ന്! അഭിഷേക് ധീരനാണ്, എനിക്ക് അദ്ദേഹത്തിന്റെ സ്വഭാവം ഇഷ്ടമാണ്. കളിക്കളത്തിലും പുറത്തും അദ്ദേഹവുമായുള്ള പങ്കാളിത്തം എനിക്ക് വളരെ ഇഷ്ടമാണ്,’ സഞ്ജു സാംസണ്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു.
അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനമാണ് അഭിഷേക് ശര്‍മയും സഞ്ജു സാംസണും കാഴ്ചവെച്ചത്. അഭിഷേക് ശര്‍മ 21 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മികവ് പുലര്‍ത്തി.
സഞ്ജു 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റില്‍ 98 റണ്‍സിന്റെ മിന്നും പാര്‍ട്ണര്‍ഷിപ്പാണ് നല്‍കിയത്. ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ആദ്യ വിക്കറ്റ് പാര്‍ടണര്‍ഷിപ്പാണിത്.
സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.
Content Highlight: Sanju Samson Talking About Abhishek Sharma